രാജകുമാരി: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാങ്ങാത്തൊട്ടി പാലക്കുന്നേൽ വിനോദിന്റെ മകൻ ആദർശ് (22) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മുക്കുടിൽ സ്വദേശി വടക്കേൽ റോബിൻ (24) ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നടുമറ്റം-മാങ്ങാത്തൊട്ടി റോഡിൽ ഇവർ സഞ്ചരിച്ച ബൈക്ക് എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ആദർശിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു. മാതാവ് ജയന്തി.