ആലുവ: ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് ഒരു തവണ വട്ടം മറിഞ്ഞ ശേഷം ബൈക്ക് യാത്രികരെ ഇടിച്ചിട്ട് മറ്റൊരു കാറിന് മുകളിൽ പതിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ പുളിഞ്ചോട് ട്രാഫിക് സിഗ്നലിലാണ് ദൃക്സാക്ഷികളെ ഭയപ്പെടുത്തിയ അപകടം നടന്നത്. വാഗണർ കാർ ഓടിച്ചിരുന്ന ആലുവ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു. രണ്ടാമത്തെ കാറിലുള്ളയാൾക്ക് നിസാര പരിക്കുണ്ട്. ഒരാളെ എറണാകുളത്തും മറ്റൊരാളെ ആലുവയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ അടിയിൽ ജംഗ്ഷനിലെ റോയൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന അഞ്ചോളം ബൈക്കുകളും കുടുങ്ങി. എറണാകുളത്തേക്ക് പോകുന്ന വാഗൺ ആർ ദേശീയപാത പുളിഞ്ചട് സിഗ്നലിലെ പൊലിസ് എയ്ഡ് പോസ്റ്റാണ് ആദ്യം ഇടിച്ചിട്ടത്. തുടർന്ന് മീഡിയനിൽ ഇടിച്ച് സർവീസ് റോഡിലേക്ക് രണ്ട് വട്ടം കാർ മറിഞ്ഞ് ബേക്കറിയുടെ മുന്നിലേക്ക് വരുമ്പോൾ ജംഗ്ഷനിലേക്ക് എത്തുകയായിരുന്ന ഹുണ്ടായ് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
സർവീസ് റോഡിലൂടെ കാർ വന്നില്ലായിരുന്നെങ്കിൽ കാർ കടയിലേക്ക് ഇടിച്ചു കയറി മറ്റൊരു ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ആലുവ പൊലിസ് സ്ഥലത്തെത്തി അന്വേണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചു.