പയ്യന്നൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമെന്ന് ഉറപ്പായി. വാഹനത്തില്‍ 259 ഗ്രാം സ്വര്‍ണവും ഒന്നരക്കോടി രൂപയുമുണ്ടായിരുന്നതായി പോലീസിനു ലഭിച്ച വിവരമാണു കവര്‍ച്ചയ്ക്കു പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്ന ഉറപ്പില്‍ അന്വേഷണസംഘത്തെ എത്തിച്ചത്.
പരാതിക്കാരന്റെ മൊഴിയില്‍ ആദ്യമേ സംശയം തോന്നിയ പോലീസ് പലരെയും ചോദ്യം ചെയ്തിരുന്നു.ഇക്കൂട്ടത്തില്‍ വാഹനമുടമയെ ചോദ്യം ചെയ്തപ്പോള്‍ 55 ലക്ഷം രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു മൊഴി. സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കാറില്‍ 259 ഗ്രാം സ്വര്‍ണവും ഒന്നരക്കോടി രൂപയുമുണ്ടായിരുന്നതായി മൊഴി നല്‍കിയതായാണു സൂചന. ഇതോടെയാണ് പോലീസിന്റെ അന്വേഷണം സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കു നീങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണു തലശേരിയിലെ സുഹൃത്തിന്റെ കാറില്‍ മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാറിനെ പിന്തുടര്ന്നെത്തിയ രണ്ട് ഗ്രേ കളറിലുള്ള ഇന്നോവ കാറിലുണ്ടായിരുന്ന ആറുപേര്‍ എടാട്ടു വച്ച് വഴിതടഞ്ഞ് കാര്‍ തട്ടിയെടുത്തത്. ഈ കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന്റെ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലശേരി ചിറക്കരയിലെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്രയിലെ അശോക് യശ്വന്തിന്റേതാണു തകര്‍ക്കപ്പെട്ട കാറെന്ന് ബോധ്യമായതോടെ കാറിന്റെ ഉടമയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് കാറില്‍ 55 ലക്ഷം രൂപയുണ്ടായിരുന്നുവെന്ന ആദ്യത്തെ വെളിപ്പെടുത്തല്‍. ഇതും പൂര്‍ണമായി വിശ്വസിക്കാനാകാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നഷ്ടത്തിന്റെ കണക്ക് കൂടിയത്. കുമാര്‍ അറിയാതെ വാഹനമുടമ സ്വര്‍ണവും പണവും കടത്തുകയായിരുന്നോയെന്നതും ഇന്നോവ കാറുകളിലെത്തിയ അക്രമികളാര് എന്നതും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.