പാലക്കാട്: രാജ്യത്തെ കോടതികളിൽ നടപ്പാക്കുന്ന മീഡിയേഷൻ ഫോർ ദ നേഷൻ കാന്പയിനിന്റെ ഭാഗമായി ജില്ലയിൽ 390 കേസുകൾ തീർപ്പാക്കി.
സുപ്രീം കോടതിയുടെ കീഴിൽ മീഡിയേഷൻ ആൻഡ് കണ്‍സീലിയേഷൻ പ്രൊജക്ട് കമ്മിറ്റിയും നാഷണൽ ലീഗൽ സർവീസ് അഥോറിറ്റിയുടെ കീഴിലാണ് 90 ദിവസം നീണ്ടുനിൽക്കുന്ന കാന്പയിൻ നടക്കുന്നത്.
കോടതികളിൽ വർധിക്കുന്ന കേസുകളിൽ യഥാസമയം നീതി ലഭിക്കാനായാണ് ഇത്തരത്തിൽ കാന്പയിൻ സംഘടിപ്പിക്കുന്നത്.കാന്പയിന്റെ രണ്ടാംഘട്ടമായി മീഡിയേഷൻ ഫോർ ദ നേഷൻ 2 ജനുവരി രണ്ടുമുതൽ ആരംഭിക്കും.
ജില്ലയിലെ വിവിധ കോടതികളിലെ വൈവാഹിക തർക്ക കേസുകൾ, അപകട ക്ലെയിം കേസുകൾ, ഗാർഹിക അതിക്രമ കേസുകൾ, ചെക്ക് ബൗണ്‍സ് കേസുകൾ, വാണിജ്യതർക്ക കേസുകൾ, സർവീസ് വിഷയ കേസുകൾ, ഉപഭോക്തൃതർക്ക കേസുകൾ, പാർട്ടീഷ്യൻ കേസുകൾ, കടം വീണ്ടെടുക്കൽ കേസുകൾ, ഒഴിപ്പിക്കൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ തുടങ്ങിയവ മധ്യസ്ഥതയിലൂടെ തീർപ്പാക്കും.
ജനുവരി 31 വരെ റഫർ ചെയ്യുന്ന കേസുകൾക്ക് ഓരോ കേസിനും 90 ദിവസത്തെ തീർപ്പാക്കാനുള്ള സമയം ലഭിക്കും.കേസിലെ കക്ഷികളുടെ സൗകര്യാർഥം മീഡിയേറ്റർ നേരിട്ടും ഓണ്‍ലൈനിലൂടെയും മധ്യസ്ഥം നടത്തും.
മധ്യസ്ഥതയിൽ തീർപ്പാവുന്ന കേസുകൾക്ക് അടച്ചിരുന്ന കോടതി ചെലവ് തിരിച്ച് ലഭിക്കുമെന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി അറിയിച്ചു.