എടക്കര: പോത്തുകല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കേസില്‍ ഒഴിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റില്‍. മേലാറ്റൂര്‍ എടപ്പറ്റ തോടുകുഴിക്കുന്നമ്മല് മുഹമ്മദ് റിയാസ് എന്ന മണവാളന് റിയാസിനെയാണ് (44) വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദീര്‍ഘകാലമായി ഇയാള്‍ പൊലിസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പനമരം പൊലിസ് സ്റ്റേഷന് പരിധിയിലെ കപ്പിച്ചാല് ഭാഗത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മങ്കട, കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, പോത്തുകല്‍, എടക്കര എന്നീ പൊലിസ് സ്റ്റേഷനുകളിലായി വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ 11 കേസുകള്‍ നിലവിലുണ്ട്.
നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിപിഒ സക്കീര്‍ ഹുസൈന്, സിപിഒമാരായ അനീഷ് തോമസ്, അനീഷ്, സാജിദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.