വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ലെയോ പതിനാലാമൻ മാർപാപ്പ അടച്ചതോടെ 2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിനു സമാപനമായി.
ദനഹാത്തിരുനാൾദിനംകൂടിയായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ 9.30ന് ആരംഭിച്ച ചടങ്ങിൽ ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഗാനാലാപനത്തിനും പ്രാർഥനകൾക്കും ശേഷം 9.41നാണ് ബസിലിക്കയുടെ വെങ്കല വാതിലുകൾ മാർപാപ്പ അടച്ചത്.
നിരവധി വിശ്വാസികൾ കടന്നുപോയ ഈ വിശുദ്ധ വാതിൽ അടയ്ക്കുന്നത് നന്ദി നിറഞ്ഞ ഹൃദയത്തോടെയാണെന്ന് മാർപാപ്പ പറഞ്ഞു. നമ്മൾ ക്ഷീണിതരും അടിച്ചമർത്തപ്പെട്ടവരും ആയിരിക്കുമ്പോഴെല്ലാം നമ്മെ സ്വാഗതം ചെയ്യാൻ നല്ല ഇടയൻ എപ്പോഴും തന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടിരിക്കും. ജൂബിലി സമാപിച്ചെങ്കിലും ദൈവത്തിന്റെ കരുണ വിശ്വാസികൾക്കായി എപ്പോഴും തുറന്നിരിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. തുടർന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്. ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
വിശുദ്ധ വാതിൽ കടന്നത് മൂന്നേകാൽ കോടി തീർഥാടകർ
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ ജൂബിലിവർഷം പ്രമാണിച്ച് തുറന്നിട്ട റോമിലെ നാല് മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ കടന്നത് 185 രാജ്യങ്ങളിൽനിന്നുള്ള 3.35 കോടി തീർഥാടകർ. ജൂബിലിവർഷത്തിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിഷെല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂബിലിവർഷത്തിൽ 5000ത്തോളം സന്നദ്ധപ്രവർത്തകരും സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ 2000 അംഗങ്ങളും ശുശ്രൂഷകളിൽ ഏർപ്പെട്ടുവെന്ന് ആർച്ച്ബിഷപ് ഫിസിഷെല്ല പത്രസമ്മേളനത്തിൽ അറിയിച്ചു.
തീർഥാടകരിൽ 62 ശതമാനവും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. ഇതിൽത്തന്നെ ഇറ്റലിയാണു മുന്നിൽ. രണ്ടാംസ്ഥാനത്ത് വടക്കേ അമേരിക്കയിൽനിന്നുള്ള തീർഥാടകരായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.