Sports
ഗാല: ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ മലയാളി താരം മാനവ് കൃഷ്ണയുടെ മികവിൽ ഇന്ത്യ 576 റൺസ് പടുയുർത്തി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ മാനവിന്റെ കരുത്തുറ്റ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
153 പന്തിൽ ആറു ഫോറും മൂന്ന് സിക്സറുമടക്കം 100 റൺസ് നേടിയാണ് താരം തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 424 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 233 റൺസെടുത്ത സെനുജ വെകുനഗോഡയാണ് ലങ്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും സാഗർ വിർകും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 295 റൺസ് കൂട്ടിച്ചേർത്തു. ലക്ഷ്യ 207 റൺസും സാഗർ 134 റൺസുമെടുത്ത് പുറത്തായി. തുടർന്ന് ആറാമനായി ക്രീസിലെത്തിയ മാനവ് കൃഷ്ണ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ സീസണിൽ കൂച്ച് ബിഹാർ ട്രോഫിയിൽ കേരള ടീമിനെ നയിച്ചത് മാനവ് ആയിരുന്നു. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന താരം രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ പ്രകടനമാണ് മാനവിനെ ദേശീയ അണ്ടർ-19 ടീമിലേക്ക് നയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു.
ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും താരം പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഷൈൻസ് ക്രിക്കറ്റ് അക്കാദമിയിൽ എസ്.എസ്. ഷൈനിന്റെ ശിക്ഷണത്തിലാണ് മാനവ് വളർന്നത്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്. മാനവിന്റെ സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ-19 ടീമിലെ സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിലും മാനവ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു. 1.50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.90 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.
Kerala
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജ് ഗവേഷണത്തിൽ സെഞ്ചുറി തികച്ചു. സുവോളജി വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനികളായ കെ. ഷിജിന, കെ. നിജീഷ, പി.എം. കാവ്യമോൾ എന്നിവരുടെ പിഎച്ച്ഡി ഡിഫൻസ് വൈവ ഇന്നലെ പൂർത്തിയാക്കിയപ്പോൾ ഇതിനകം കോളജിൽനിന്ന് പിഎച്ച്ഡി പൂർത്തിയാക്കുന്നവർ നൂറ്റിയൊന്നുപേരായി.
ഗവേഷണത്തിൽ നൂറ് തികച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ ചടങ്ങ് കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ.പോൾ കുരീക്കാട്ടിൽ, പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ.പി.ജെ. വിനീഷ്, ഡോ. സതീഷ് ജോർജ്, കോളജ് റിസർച്ച് അഡ്വൈസറി കമ്മിറ്റി കൺവീനർ ഡോ. മെറിൽ മാത്യു, സ്റ്റാഫ് സെക്രട്ടറി ഡോ. മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവേഷണ പ്രബന്ധാവതരണ മൽസരത്തിൽ പൊന്നാനി എംഇഎസ് കോളജിലെ എം. സബ്ന, എസ്. ശ്രീദേവി, കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ജിലു അൽഫോൻസ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു.
കോളജിലെ എട്ട് റിസർച്ച് ഡിപാർട്ട്മെന്റുകളിലായി അൻപതോളം അധ്യാപകർക്ക് റിസർച്ച് ഗൈഡ്ഷിപ്പ് ഉണ്ട്. ഇവരുടെ കീഴിലായി ഇപ്പോൾ 128 വിദ്യാർഥികൾ ഗവേഷണം നടത്തുന്നുണ്ട്.
Sports
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യക്ക് 195 റണ്സ് വിജയലക്ഷ്യം. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
റഹ്മാനുള്ള ഗുര്ബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില് 102) അവരെ മികച്ച സ്കോറിലേക്ക് നയിച്ചത്. എട്ട് വീതം സിക്സും ഫോറും ഉള്പ്പെടുന്നതായിരുന്നു ഗുര്ബാസിന്റെ ഇന്നിംഗ്സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്ബാസ് നേടിയത്.
ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്. അരങ്ങേറ്റക്കാരായ ഗുര്നൂര് ബ്രാര്, ഹര്ഷ് ദുബെ എന്നിവര് മൂന്നും നിതീഷ് കുമാര് റെഡ്ഡിക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഗുർനൂർ ബ്രാറിന് പിന്നാലെ ഹർഷ് ദുബെയും ടീമിൽ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ വിരാട് കോഹ്ലിക്ക് പകരം ഇഷാൻ കിഷൻ പ്ലെയിംഗ് ഇലവനിൽ ഇടംനേടി.
Sports
മുന് ഇന്ത്യന് ഇന്റര്നാഷണലും സന്തോഷ് ട്രോഫി ജേതാവും സ്പോര്ട്സ് കൗണ്സില് പ്രസിഡന്റുമായിരുന്ന യു. ഷറഫലിയുടെ മനസില് സുവര്ണശോഭയോടെ നില്ക്കുന്ന ഫിഫ ലോകകപ്പ് മത്സരം 1986ലെ അര്ജന്റീന x ഇംഗ്ലണ്ട് ക്വാര്ട്ടര് ഫൈനല്. ഏഷ്യന് ഗെയിംസ് ക്യാമ്പില് വച്ച് ഷോള്ഡറിനു പരിക്കുപറ്റി സര്ജറി കഴിഞ്ഞ് വീട്ടില് വിശ്രമത്തിലായിരിക്കേയാണ് മത്സരം കണ്ടത്.
ഷറഫലിയുടെ ഓര്മകളിലേക്ക്: “ഡിയേഗോ മാറഡോണയെന്ന അന്നത്തെ സൂപ്പര്താരമായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മാറഡോണ പല സുന്ദരമായ ഷോട്ടുകള് ഉതിര്ത്തെങ്കിലും ഇംഗ്ലണ്ടിന്റെ ഗോളി പീറ്റര് ഷില്ട്ടണ് അതെല്ലാം രക്ഷപ്പെടുത്തി. രണ്ടാം പകുതി തുടങ്ങി. 51ാം മിനിറ്റിലായിരുന്നു വിവാദ ഗോള്.
പന്തിനായി ഉയര്ന്നുചാടിയ തന്നേക്കാള് എട്ടിഞ്ച് ഉയരം കൂടുതലുള്ള ഗോളിയെ കീഴ്പ്പെടുത്തി മാറഡോണ പന്ത് വലയിലാക്കുകയായിരുന്നു. ആഗോളിനെക്കുറിച്ച് പിന്നീട് മാറഡോണ തമാശയായി പറഞ്ഞത് തന്റെ തലയും കുറച്ച് ദൈവത്തിന്റെ കൈയും ചേര്ന്നായിരുന്നു എന്നാണ്. അങ്ങനെ ആ ഗോള് 'ദൈവത്തിന്റെ കൈ' എന്ന പേരില് പ്രശസ്തമായി.
ഈ ഗോളിന് നാലു മിനിറ്റുശേഷം ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു ഗോള് ഈ ഫുട്ബോള് മാന്ത്രികന്റെ കാലുകളില്നിന്ന് പിറന്നു. സ്വന്തം ഹാഫില് നിന്ന് പന്ത് സ്വീകരിച്ച് അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോള്കീപ്പറെയും മറികടന്ന് 68 മീറ്റര് ഡ്രിബിള്ചെയ്ത് നേടിയ അതിസുന്ദരമായ ഒരു ഗോള്.
അദ്ഭുതകരമായ നിയന്ത്രണവും വേഗവും സാങ്കേതിക മികവും പ്രകടിപ്പിച്ച ആ ഗോൾ പിന്നീട് 'നൂറ്റാണ്ടിന്റെ ഗോള്' ആയി. ഒരേ മത്സരത്തില് നാലു മിനിറ്റിന്റെ ഇടവേളയില് ഏറ്റവും വിവാദമായ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയതാണ് മാറഡോണയെ ഇതിഹാസമാക്കിയത്. അത്തവണ വെസ്റ്റ് ജര്മനിയെ 2-1ന് തോല്പ്പിച്ച് അര്ജന്റീന ലോകകപ്പുര്ത്തി”.
ബ്രസീല് ഇഷ്ടം
“കാല്പ്പന്തു കളിയെ കലാരൂപമാക്കി ജനഹൃദയങ്ങളില് പ്രതിഷ്ഠിച്ച ടീമാണ് ബ്രസീല്. മൈതാനത്ത് പന്ത് തൊടുന്ന ഓരോ നിമിഷവും സംഗീതത്തിന്റെ താളം പോലെ ഒഴുകുന്ന അവരുടെ കളിശൈലി ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ബ്രസീലിന്റെ പ്രശസ്തമായ 'സാംബതാളം' നൃത്ത സംഗീതത്തില് മാത്രമല്ല ഫുട്ബോളിലും പ്രതിഫലിക്കുന്നു. പന്തടക്കത്തിലെ മികവും ഡ്രിബ്ലിംഗിലെ ചടുലതയും ആക്രമണത്തിലെ തനിമയും ബ്രസീലിയന് ഫുട്ബോളിനെ അനന്യമാക്കുന്നു . അതിനാല് ടീം എന്ന നിലയില് ബ്രസീല്തന്നെ മുന്നില്”.
ക്രിസ്റ്റ്യാനോ, മെസി
“കളിക്കാരില് ഏറ്റവും ഇഷ്ടം റൊണാള്ഡോയോടാണ്. അദമ്യമായ നിശ്ചയദാര്ഢ്യത്തിന്റെയും കരുത്തിന്റെയും കഠിനപ്രയത്നത്തിന്റെയും പ്രതീകമാണയാള്. പ്രതിരോധത്തെ കൊടുങ്കാറ്റുപോലെ തകര്ത്തെറിഞ്ഞ് ഗോളിലേക്ക് കുതിക്കുകയാണു റോണോ ശൈലി. മെസിയുടെ മാന്ത്രിക കഴിവുകള് ജന്മസിദ്ധമാണ്. അദ്ദേഹത്തിന്റെ ഡ്രിബ്ലിംഗുകള് കവിത പോലെ ഒഴുകുകയാണ'.
സാധ്യത ഇവര്ക്ക്
“ഇത്തവണ ഫ്രാന്സോ സ്പെയിനോ കിരീടം നേടും എന്നാണ് പ്രതീക്ഷ. ഇരു ടീമുകളും ശക്തരും നിരവധി പ്രതിഭകള്കൊണ്ട് സമ്പന്നവുമാണ്. കഴിഞ്ഞതവണ സാധിക്കാതെ പോയത് എംബപ്പെ ഇത്തവണ നേടുമെന്നാണു വിശ്വാസം”.
Sports
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരമായ സഞ്ജു സാംസണിന് വീണ്ടും സെഞ്ചുറി. മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു പുറത്താകാതെ 101 റണ്സെടുത്തു. സഞ്ജുവിന്റെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റണ്സെടുത്തു. സീസണിൽ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ് 22 റണ്സും സർഫറാസ് ഖാൻ 14 റണ്സും നേടി. ശിവം ദുബെ (5 റണ്സ്) നിരാശപ്പെടുത്തിയപ്പോൾ ഡെവാൾഡ് ബ്രെവിസ് 21 റണ്സും കാർത്തിക് ശർമ 18 റണ്സും നേടി. ജാമി ഓവർട്ടണ് 15 റണ്സെടുത്തു.
സഞ്ജു 54 പന്തിൽ പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റണ്സെടുത്തു. അവസാന പന്ത് സിക്സ് പറത്തിയാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡൽഹിക്ക് എതിരെയായിരുന്നു ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹിക്ക് പടുകൂറ്റന് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് നേടിയത്.
അഭിഷേക് ശർമയുടെ അപരാജിത സെഞ്ചുറിയും ഹെൻഡ്രിച്ച് ക്ലാസന്റെ കൂറ്റനടിയുമാണ് (13 പന്തിൽ 37) ഹൈദരാബാദിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.
ക്യാപ്റ്റൻ ഇഷാന് കിഷന് (25) ട്രാവിസ് ഹെഡ് (37) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്ഹി ക്യാപിറ്റല്സ് ഫീല്ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
National
മുംബൈ: പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ടീമിലെത്തിയ ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച പ്രകടനം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53 പന്തിൽ നിന്നാണ് ഡി കോക്ക് തന്റെ സെഞ്ചുറി തികച്ചത്. ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിക്കൊണ്ട് ഡി കോക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ഏഴ് ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിൽ ഒരു മനോഹരമായ 'റിവേഴ്സ് റാംപ്' ഷോട്ട് കളിച്ചാണ് താരം തന്റെ മൂന്നാം ഐപിഎൽ സെഞ്ചുറി ആഘോഷിച്ചത്. നേരത്തെ ഡൽഹി ഡെയർഡെവിൾസിനും (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) ലഖ്നൗ സൂപ്പർ ജയന്റ്സിനും വേണ്ടിയും ഡി കോക്ക് സെഞ്ചുറി നേടിയിട്ടുണ്ട്.
ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി സഞ്ജു സാംസൺ സെഞ്ചുറി നേടിയിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായി എത്തിയ ഡി കോക്ക് ആ കുറവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഹോം ഗ്രൗണ്ടിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രകടനം മുംബൈയ്ക്ക് വലിയ മുൻതൂക്കം നൽകുന്നു. കൂടുതൽ സ്പോർട്സ് വാർത്തകൾക്കായി ഫോളോ ചെയ്യുക.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ടൂർണമെന്റിൽ കന്നി സെഞ്ചുറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവർബ്രന്റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യ സെഞ്ചുറി എന്ന റിക്കാർഡിന് ഉടമയായത്.
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ 57 പന്തിൽ 100 റണ്സെടുത്ത മുംബൈ ഇന്ത്യൻസ് താരം സ്കിവർബ്രന്റ് പുറത്താകാതെ നിന്നു.16 ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു സ്കിവർബ്രന്റ് ഇന്നിംഗ്സ്.
പത്തുതവണയാണ് ഡബ്ല്യുപിഎല്ലിൽ ബാറ്റർമാർ തൊണ്ണൂറോ അതിനു മുകളിലോ റണ്സ് സ്കോർ ചെയ്തത്. സീസണിന്റെ തുടക്കത്തിൽ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചുറിക്കരികിൽ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളിൽ വീണു. ഇതോടെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി നാറ്റ് സ്കിവർബ്രന്റിന് സ്വന്തമായി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 343 റൺസെടുത്തത്. കരണ് ലാംബയുടെ സെഞ്ചുറിയുടെയും ദീപക് ഹൂഡയുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 131 പന്തില് 119 റണ്സുമായി ലാംബ പുറത്താകാതെ നിന്നു. ദീപക് ഹൂഡ 83 പന്തില് 86 റൺസെടുത്തു.
ആദിത്യ റാത്തോർ (25), എ.ബി. കൂക്ന (23), നായകൻ എം.ജെ. സുതർ (21) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. കേരളത്തിനു വേണ്ടി എൻ.എം. ഷറഫുദ്ദീന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിഥീഷ്, ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില് ത്രിപുരയ്ക്കെതിരേ കേരളത്തിന് കൂറ്റന് സ്കോര്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 348 റണ്സെടുത്തു.
വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന് കുന്നുമ്മല്, ബാബാ അപരാജിത് എന്നിവരുടെ അര്ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.
62 പന്തില് 102 റണ്സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്. രോഹന് കുന്നുമ്മല് 94 റണ്സെടുത്തപ്പോള് ബാബാ അപരാജിത് 64 റണ്സെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില് കളിക്കാനിറങ്ങിയില്ല.
ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Sports
ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 348 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക് പട നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.
വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ദുബായി: അണ്ടര് 19 ഏഷ്യാ കപ്പില് മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.
ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.
അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന് ആയുഷ് മഹാത്രെ (14), വിഹാന് മല്ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.
മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗ്രൂപ്പ് ബിയില് യുഎഇ, പാക്കിസ്ഥാന് എന്നിവരെ തോല്പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല് ഉറപ്പിച്ചിരുന്നു.
Sports
ഇൻഡോർ: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 289 റണ്സ് വിജയലക്ഷ്യം. ഹീതർ നൈറ്റിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ കണ്ടെത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റണ്സെടുത്തു.
ഹീതർ നൈറ്റ് 91 പന്തിൽ ഒരു സിക്സും 15 ഫോറും ഉൾപ്പെടെ 109 റണ്സാണ് അടിച്ചുകൂട്ടിയത്. ഹീതറിനു കൂട്ടായി ആമി ജോണ്സും മികച്ച പ്രകടനം കാഴ്ചവച്ചു. 68 പന്തുകൾ നേരിട്ട ആമി 56 റണ്സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രണ്ട് 38 റണ്സും ടാമി ബ്യൂമോണ്ട് 22 റണ്സും നേടി.
ഇന്ത്യയ്ക്കായി നാല് വിക്കറ്റുകൾ വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും നേടി.
Sports
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യയ്ക്കായി ഓപ്പണർ യശസ്വി ജയ്സ്വാൾ സെഞ്ചുറിയും സായി സുദർശൻ അർധ സെഞ്ചുറിയും കുറിച്ചു.
145 പന്തുകളിൽനിന്നാണ് ജയ്സ്വാൾ 100 കടന്നത്. 16 ഫോറുകളുടെ അകന്പടിയോടെയാണ് ജയ്സ്വാൾ സെഞ്ചറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ജയ്സ്വാളിന്റെ ഏഴാം സെഞ്ചുറിയാണിത്. ജയ്സ്വാളിനൊപ്പം അർധ സെഞ്ചുറിയുമായി സായ് സുദർശനും (113 പന്തിൽ 62) പുറത്താകാതെ നിൽക്കുന്നു.
മത്സരം 52 ഓവറുകൾ പിന്നിടുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 204 റണ്സെന്ന നിലയിലാണ് ഇന്ത്യ. 38 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.