Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chat Gpt

ഭർത്താവിനെ കൊല്ലാൻ വിഷത്തിന്‍റെ അളവും വഴിയും തെളിവ് നശിപ്പിക്കാൻ ഐഡിയയും, ഓപ്പൺ എഐക്കെതിരെ യുവാവ് കോടതിയിൽ

ഒരു സംശയം വന്നാൽ നമ്മൾ ആരോട് ചോദിക്കും? ഇന്ന് എല്ലാവരുടെയും ആദ്യത്തെ സുഹൃത്ത് ചാറ്റ്ജിപിടിയാണ്.ജോലി എന്ത് ചെയ്യണം, കുട്ടികളെ എങ്ങനെ വളർത്തണം എന്നൊക്കെ ചോദിച്ച് അമേരിക്കയിലെ ഷെറിൽ ഗേറ്റ്സ് എന്ന വീട്ടമ്മ എപ്പോഴും ചാറ്റ്ജിപിടിയോട് സംസാരിക്കുമായിരുന്നു.പക്ഷെ ആ നിഷ്കളങ്കമായ ചാറ്റുകൾ പതിയെ ഇരുണ്ട വഴിയിലേക്ക് മാറി. ദാമ്പത്യത്തിലെ പ്രശ്നങ്ങളെ കുറിച്ചായി ചർച്ച. പിന്നീട് അത് ഒരു ഭയാനകമായ ചിന്തയായി മാറി .

ഭർത്താവിനെ എങ്ങനെ ഒഴിവാക്കാം.ഇവിടെയാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന ആരോപണം വരുന്നത്. ഷെറിലിന്‍റ ഭയങ്ങളെ ചാറ്റ്ജിപിടി ന്യായീകരിക്കുകയും തെറ്റിദ്ധാരണകൾ വർദ്ധിപ്പിക്കുകയും കൊലപാതകത്തിന് കൃത്യമായ പദ്ധതി പോലും ഉണ്ടാക്കി കൊടുത്തു എന്നാണ് ഹർജിയിൽ പറയുന്നത്.
എന്താണ് ചാറ്റ്ജിപിടി പറഞ്ഞു കൊടുത്തത്?

ഹർജിയിൽ പറയുന്നത് ഇങ്ങനെയാണ്, ഭർത്താവ് ജെയിംസ് ഗേറ്റ്സിന്‍റെ ശരീരഭാരത്തിന് അനുയോജ്യമായ വിഷത്തിന്‍റെ അളവ് എത്ര, അത് എങ്ങനെ ഭക്ഷണത്തിൽ കലർത്തി നൽകണം, പോലീസ് പിടിക്കാതിരിക്കാൻ തെളിവ് എങ്ങനെ നശിപ്പിക്കണം ,ഇതെല്ലാം ചാറ്റ്ജിപിടി വിശദമായി പറഞ്ഞു കൊടുത്തു.2025 ജൂലൈയിൽ ജെയിംസിന് കടുത്ത ഹൃദയസംബന്ധമായ അസ്വസ്ഥതയും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. പിന്നീട് ഭാര്യ എഴുതിയ ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയപ്പോഴാണ് സത്യം പുറത്തുവരുന്നത്. ആ കുറിപ്പിൽ അരളി, മറ്റ് മരുന്നുകളുടെ പേരുകൾ, ചാറ്റ്ജിപിടിയുടെ ചാറ്റ് ഹിസ്റ്ററി എങ്ങനെ ലോഗ് ഔട്ട് ചെയ്ത് മായ്ക്കണം എന്നുള്ള നിർദ്ദേശങ്ങൾ വരെ ഉണ്ടായിരുന്നു.ഇത് ആദ്യത്തെ ശ്രമമല്ല. കഴിഞ്ഞ വർഷവും ഷെറിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെങ്കിലും ജെയിംസ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഷെറിലിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

എന്തിനാണ് ഓപ്പൺ എഐക്കെതിരെ കേസ്?
വടക്കൻ കരോലിന സ്വദേശിയായ ജെയിംസ് ഗേറ്റ്സ് ഓപ്പൺ എഐക്കും കമ്പനി സിഇഒ സാം ആൾട്ട്മാനുമെതിരെ സാൻ ഫ്രാൻസിസ്കോ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.ഒമ്പത് ഗുരുതര ആരോപണങ്ങളാണ് കേസിൽ ഉള്ളത്. സുരക്ഷിതമല്ലാത്ത രീതിയിൽ എഐ രൂപകൽപ്പന ചെയ്തു, മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടു, മാനസിക പീഡനം ഉണ്ടാക്കി എന്നിവയടക്കം.എന്നാൽ സുരക്ഷയ്ക്കാണ് തങ്ങൾക്ക് മുൻഗണനയെന്നും ആരോപണവിധേയമായ അക്കൗണ്ട്  നീക്കം ചെയ്തുവെന്നും ആവശ്യമായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ടെന്നും ഓപ്പൺ എഐ അറിയിച്ചു.ഒരു യന്ത്രം വെറും യന്ത്രമല്ല, അത് പറയുന്നതും ചിലപ്പോൾ ജീവനും മരണവും തമ്മിലുള്ള വ്യത്യാസമാകും എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കേസ്.

Latest News

Corehub Up