കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ യുഡിഎഫിന് വേണ്ടി ഫോര്‍വേഡ് ബ്ലോക്ക് മത്സരിക്കുമെന്ന് സൂചന. സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നൽകാൻ യുഡിഎഫ് തീരുമാനിച്ചതായാണ് വിവരം.
ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജനെ കളത്തിലിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കൊല്ലത്ത് മത്സരിക്കാനാണ് ഫോര്‍വേഡ് ബ്ലോക്ക് താല്പര്യം പ്രകടിപ്പിച്ചെങ്കിലും സീറ്റ് വിട്ടുനല്‍കാന്‍ യുഡിഎഫ് തയാറായില്ല.
സിപിഐയുടെ ജി.എസ്. ജയലാലാണ് ചാത്തന്നൂർ എംഎൽഎ. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും ബിജെപി നേതാവ് ബി.ബി. ഗോപകുമാറിന് രണ്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗോപകുമാര്‍ 40,000ത്തിലധികം വോട്ടുകള്‍ നേടിയതോടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണ് ചാത്തന്നൂരിനെ ഇപ്പോള്‍ പരിഗണിക്കുന്നത്.
മുതിര്‍ന്ന നേതാവായ എന്‍. പീതാംബരക്കുറുപ്പ് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2016-ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് മത്സരിച്ചെങ്കിലും അപ്പോളും ചാത്തന്നൂരിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നില്ല.
ഇത്തവണ പോരിനായി മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാന്റെ മകള്‍ ചൈത്ര തമ്പാനെ കളത്തിലിറക്കാനായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാല്‍ ഫോര്‍വേഡ് ബ്ലോക്കിന് കൊല്ലം ജില്ലയില്‍ സീറ്റ് നല്‍കണമെന്ന തീരുമാനം ഉണ്ടായതോടെയാണ് ജി. ദേവരാജന്‍ ചാത്തന്നൂരില്‍ സ്ഥാനാര്ഥിയാകാനൊരുങ്ങുന്നത്.