നിലന്പൂർ: തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സ്റ്റാറ്റിക് സർവലൻസ് ടീം (എസ്എസ്ടി ) വാഹന പരിശോധന സജീവം. മണ്ഡലം അതിർത്തിയായ വടപുറം പാലത്തിന് സമീപം വാഹന പരിശോധന കർശനമാക്കിയാണ് സംഘം ചുമതലയിൽ തുടരുന്നത്.
എന്നാൽ വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടാക്കുന്നതായും പരാതി ഉയർന്നു. കർഷകൻ കൂടിയായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് കളക്ടർക്ക് പരാതി നൽകിയത്.
ഗസറ്റഡ് ഓഫീസർ, പോലീസ് ഉദ്യോഗസ്ഥൻ, ആയുധധാരികളായ മൂന്ന് ബിഎസ്എഫ് ജവാൻമാർ, വീഡിയോഗ്രാഫർ എന്നിവരാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന സംഘത്തിലുള്ളത്. അതേസമയം വടപുറം പാലത്തിന് സമീപത്തെ വാഹന പരിശോധനയാണ് പരാതിക്കിടയാക്കിയത്. വടപുറത്ത് സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ഉടമ കൂടിയാണ് ഫാ. മാത്യൂസ്. അവിടെനിന്ന് മാലിന്യം കാറിന്റെ ഡിക്കിയിലാക്കി കുളക്കണ്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകവെ സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായും കാലിത്തീറ്റയുമായി വന്നപ്പോൾ വീണ്ടും തടഞ്ഞ് പരിശോധിച്ചതായും കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
സ്വകാര്യ ചിട്ടിയിൽ അടക്കാൻ എടിഎമ്മിൽനിന്ന് പിൻവലിച്ച പണത്തെച്ചൊല്ലിയും ബുദ്ധിമുട്ടിച്ചതായും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായും പരാതി ഉയർന്നിരിക്കുകയാണ്.എന്നാൽ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം.