ടോക്കിയോ: മൃഗശാലകളിലെ കൂടുകൾക്കുള്ളിൽ കൗതുകമുണർത്തുന്ന എത്രയോ ജീവികളുണ്ടാകും. എന്നാൽ, ഒരൊറ്റ നിൽപ്പുകൊണ്ട് ഒരു രാജ്യത്തിന്റെ മുഴുവൻ ഹൃദയം കവർന്നൊരു താരമുണ്ട് ജപ്പാനിൽ. പേര് 'ഫുത' (Futa). 2005ൽ തന്റെ പിൻകാലുകളിൽ മനുഷ്യരെപ്പോലെ നിവർന്നുനിന്ന് ജപ്പാനിലുടനീളം തരംഗം സൃഷ്ടിച്ച ആ കുഞ്ഞൻ ചുവന്ന പാണ്ട ഇന്ന് ലോകപ്രശസ്തനാണ്.
23 വയസും 135 ദിവസവും പിന്നിടുന്ന ഫുതയെ, മൃഗശാലകളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ചുവന്ന പാണ്ടയായി ഗിന്നസ് വേൾഡ് റിക്കാർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
ചൊവ്വാഴ്ച ജപ്പാനിലെ ചിബ സിറ്റി മൃഗശാല സാക്ഷ്യം വഹിച്ചത് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അപൂർവ്വ നേട്ടത്തിനായിരുന്നു. ഗിന്നസ് അധികൃതരിൽ നിന്നും റിക്കാർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ മൃഗശാല ജീവനക്കാർക്കൊപ്പം നൂറുകണക്കിന് ആരാധകരും അവിടെ തടിച്ചുകൂടി.
സാധാരണഗതിയിൽ ചുവന്ന പാണ്ടകളുടെ ശരാശരി ആയുസ് 12 മുതൽ 17 വർഷം വരെയാണ്. ആ കണക്കുകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഫുത 23-ാം വയസിലും ആരോഗ്യവാനായി തുടരുന്നത്. അമേരിക്കയിലെ സൂമൊണ്ടാനയിലുണ്ടായിരുന്ന 'ടെയ്ലർ' എന്ന ചുവന്ന പാണ്ടയുടെ പേരിലുണ്ടായിരുന്ന 21 വർഷവും 265 ദിവസവും എന്ന റിക്കാർഡാണ് ഫുത പഴങ്കഥയാക്കിയത്.
2003 ജൂലൈ അഞ്ചിന് ഷിസുവോക്ക മുനിസിപ്പൽ നിഹോണ്ടൈറ മൃഗശാലയിലായിരുന്നു ഫുതയുടെ ജനനം. അച്ഛൻ 'ഫുഫു'വിന്റെ പേരിൽ നിന്നാണ് അവന് ഫുത എന്ന പേര് ലഭിച്ചത്. 2004-ൽ ചിബ മൃഗശാലയിലേക്ക് എത്തിയതോടെയാണ് ഫുതയുടെ തലവര മാറുന്നത്.
2005-ലാണ് ഫുതയുടെ ആ പ്രശസ്തമായ 'നിൽപ്പ്' ലോകം കാണുന്നത്. തന്റെ പിൻകാലുകളിൽ ബാലൻസ് ചെയ്ത് നേരെ നിവർന്നുനിൽക്കുന്ന ഫുതയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ജപ്പാനിൽ വൈറലായി.
അവനെ കാണാനായി ചിബ മൃഗശാലയിലേക്ക് സന്ദർശകരുടെ ഒഴുക്കായി. ആരാധകരുടെ എണ്ണം കൂടിയതോടെ, ഒരു പ്രമുഖ പാനീയ കമ്പനിയുടെ പരസ്യചിത്രത്തിൽ വരെ ഫുത അഭിനയിച്ചു.
"അവൻ ഇത്രയധികം ജനപ്രീതി നേടിയതിൽ എനിക്ക് വലിയ അത്ഭുതമുണ്ട്. ഞാൻ അവനെ പരിചരിച്ചിരുന്ന കാലത്തൊന്നും അവന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. എല്ലാവരുടെയും അളവറ്റ സ്നേഹം അവന് എപ്പോഴും ലഭിച്ചിരുന്നു," 2007 മുതൽ 2019 വരെ ഫുതയെ പരിചരിച്ച മുൻ മൃഗശാല ജീവനക്കാരൻ മസാഹിര ഹമാദ ഓർത്തെടുക്കുന്നു.
പ്രായത്തിന്റേതായ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഇടയ്ക്കിടെ അലട്ടാറുണ്ടെങ്കിലും ഫുത ഇപ്പോഴും ഉഷാറാണ്. ചൊവ്വാഴ്ച നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ മോശം കാലാവസ്ഥ കാരണം സന്ദർശകർക്ക് ഫുതയെ നേരിട്ട് കാണാൻ സാധിച്ചില്ല. തണുപ്പും മഴയുമുള്ളപ്പോൾ വീടിനുള്ളിൽത്തന്നെ ചുരുണ്ടുകൂടി ഇരിക്കാനാണ് ഈ 'മുത്തശ്ശൻ പാണ്ടയ്ക്ക്' ഇഷ്ടം.
എങ്കിലും, ഗിന്നസ് സർട്ടിഫിക്കറ്റിന് മുന്നിൽ പോസ് ചെയ്യുന്ന ഫുതയുടെ ക്യൂട്ട് ചിത്രം മൃഗശാല അധികൃതർ എക്സിലൂടെ പങ്കുവെച്ചു. "അവന് ഇപ്പോൾ നല്ല വിശപ്പുണ്ട്, ആരോഗ്യത്തോടെ ഇരിക്കുന്നു" എന്ന മൃഗശാലയുടെ കുറിപ്പ് ആരാധകർക്കും വലിയ ആശ്വാസമായി.
21 വർഷങ്ങൾക്ക് മുമ്പ് തന്റെ നിൽപ്പുകൊണ്ട് ജപ്പാനെ വിസ്മയിപ്പിച്ച ഫുത, ഇന്ന് പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യത്തിലൂടെ ലോകത്തിന്റെയാകെ സ്നേഹം പിടിച്ചുപറ്റുകയാണ്.