കോട്ടയം: അമേരിക്ക ഫോര്‍ അമേരിക്കന്‍സ് എന്ന് ഡോണൾഡ് ട്രംപ് പറയുന്നതുപോലെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന് ആര്‍എസ്എസ് ആപ്തവാക്യമുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ ചെലവാകില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ക്രിസ്ത്യാനികള്‍ക്ക് അതിനുവേണ്ടി രക്തസാക്ഷികള്‍ ആകുന്നതിനു മടിയുമില്ല.
കാരണം, ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നതു രക്തസാക്ഷിത്വത്തിലുടെയും പീഡനത്തിലൂടെയുമാണ്. പീഡനങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്പ് ഒന്നാം നൂറ്റാണ്ടിൽ തുടങ്ങിയതാണെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷത്തിനായി ഒരു മാളില്‍ വച്ചിരുന്ന ക്രിസ്മസ് ചിഹ്നങ്ങള്‍ നശിപ്പിച്ച കുറേയാളുകള്‍ ഒരു പള്ളിയുടെ പുറത്തുനിന്നു പറയുന്നത് വിദേശമതം ഇവിടെ വേണ്ടായെന്നാണ്. അതുകേട്ടപ്പോള്‍ എനിക്കു ചിരിയാണു തോന്നിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയാറുണ്ട്, അമേരിക്ക ഫോര്‍ അമേരിക്കന്‍സ്. അതുപോലെ ഇവിടെ ഹിന്ദുക്കള്‍ ആണ് 80 ശതമാനം, അതുകൊണ്ടു വിദേശികള്‍ പാടില്ലായെന്നു പറയുന്നതു തെറ്റിദ്ധാരണയാണെന്നു ചരിത്രം അറിയാവുന്ന ഏവര്‍ക്കും മനസിലാകും.
ആരാണു ഹിന്ദുക്കള്‍?
ക്രിസ്തുവിനു മുമ്പ് 2000ല്‍ ഇറാനില്‍നിന്ന് ഇവിടെ കുടിയേറി പാര്‍ത്ത ആര്യന്മാരാണിവര്. ബ്രാഹ്മണീയ ആരാധന ഉണ്ടായിക്കഴിഞ്ഞ് ഉണ്ടായ മതമാണ് ഹിന്ദുമതം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു ആര്യനുമില്ല ഒരു ഹിന്ദുവുമില്ല. എല്ലാവരും ഇറാന് പ്രദേശത്തുനിന്നു വന്നവരാണ്. ഇങ്ങനെ 2000 ബിസിയില്‍ രാജ്യത്ത് എത്തിയവര്‍ പറയുകയാണ് വിദേശികള്‍ തിരിച്ചു പോകണമെന്ന്.
ആരാണു വിദേശി?
ഓരോരുത്തരും മതം അനുസരിച്ചു ജീവിക്കുന്നവരാണ്. ഹിന്ദുക്കള്‍ ഹിന്ദു വിശ്വാസത്തില്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഇവിടത്തെ ക്രിസ്ത്യാനികള്‍ എഡി 52 മുതല്‍ ക്രിസ്തുമതം സ്വീകരിച്ച് ഇവിടെ ജനിച്ചു വളര്‍ന്ന ഈ രാജ്യത്തെ പൗരന്മാരാണ്. ഇസ്രയേലില്‍നിന്നുള്ള ആളുകള്‍ ആരും ഇവിടെ ക്രിസ്ത്യാനികളായിട്ടില്ല. അറബി രാജ്യത്തുനിന്ന് ആരും ക്രിസ്ത്യാനികളായിട്ടില്ല. ഇവിടെയുള്ളവര്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ്.
ഇവിടത്തെ മുസ്ലിംകളും അങ്ങനെതന്നെയാണ്. അവരും ഇവിടെ ജനിച്ചു വളര്‍ന്നവരാണ്.
മധ്യപൂര്‍വ ദേശങ്ങളിലുള്ള മുസ്ലിംകള് ആരും ഇവിടെയില്ല. ആ മതത്തിനും ഇവിടെ നില്‍ക്കാനുള്ള അവകാശമുണ്ട്. ക്രിസ്തുമതത്തിനുമുണ്ട്. അതുപോലെ ഹിന്ദുമതത്തിനുമുണ്ട്. അതുകൊണ്ട് വിദേശികള്‍ പോകണമെന്നു പറയുമ്പോള്‍ പറയുന്നവരുടെ അറിവില്ലായ്മയെക്കുറിച്ചു വിലപിക്കുകയല്ലാതെ തരമില്ല. പക്ഷേ ആ അറിവില്ലായ്മയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുകയോ ഓശാന പാടുകയോ ചെയ്യുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ ന്യൂപക്ഷങ്ങള്‍ തമസ്കരിക്കപ്പെടും.
നാം ഇതറിഞ്ഞിരിക്കേണ്ടത് ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള ആക്രമണങ്ങള്‍ വരുമ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്താനാണെന്നും മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.