Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Eve

ക്രിസ്തുവിന്‍റെ ജനനം; കിറുകൃത്യമായ മുന്നൂറിലധികം പ്രവചനങ്ങൾ‌

സാധാരണയായി സംഭവങ്ങൾ നടന്നതിനു ശേഷം മാത്രം എഴുതപ്പെടുന്ന ഒന്നാണ് ചരിത്രം. എന്നാൽ, സംഭവങ്ങൾ നടക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപേ അതു കൃത്യമായി എഴുതിവയ്ക്കപ്പെട്ടാലോ? ബെത്‌ലഹേമിലെ പുൽക്കൂട് ചരിത്രത്തിലെ വെറുമൊരു സാധാരണ സംഭവമാണെന്ന് കരുതുന്നവർക്കു മുന്നിൽ ഗണിതശാസ്ത്രം ചില അസ്വസ്ഥമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതൊരു സ്വാഭാവിക ജനനമായിരുന്നില്ലെന്നും പ്രകൃതിനിയമങ്ങൾക്ക് അപ്പുറമുള്ള, അമാനുഷികമായ ഒരു ഇടപെടലായിരുന്നു അതെന്നുമാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. വിശ്വാസത്തിന്‍റെ കണ്ണിലൂടെ മാത്രമല്ല, യുക്തിയുടെയും കണ്ണിലൂടെ നോക്കിയാൽ തെളിയുന്ന ആ ചിത്രം ആരെയും അമ്പരപ്പിക്കും.

കണക്കുകളുടെ ഭൂതക്കണ്ണാടി

വിശ്വാസത്തിന്‍റെ കണ്ണട മാറ്റിവച്ച്, യുക്തിയുടെയും കണക്കുകളുടെയും ഭൂതക്കണ്ണാടിയിലൂടെ ഈ സംഭവത്തെ നോക്കിക്കാണാൻ നിങ്ങൾ തയാറാണോ? എങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണത്തിനു തുല്യമായ ഒരു യാത്രയാണിത്. ഇവിടെ നമ്മളെ സഹായിക്കാൻ വികാരങ്ങളില്ലാത്ത, കൃത്യതയുള്ള ഒരു സാക്ഷിയുണ്ട്; ഗണിതശാസ്ത്രത്തിലെ സംഭാവ്യതാ സിദ്ധാന്തം അഥവാ സയൻസ് ഓഫ് പ്രോബബിലിറ്റി. ചരിത്രത്തിന്‍റെ വിചാരണക്കൂട്ടിൽ ക്രിസ്മസിനെ നിർത്തി വിസ്തരിക്കാൻ ഇതിലും മികച്ച മറ്റൊരു ആയുധമില്ല.

എന്താണ് ഈ സംഭാവ്യതാ സിദ്ധാന്തം എന്നു ലളിതമായി മനസ്സിലാക്കിയാൽ മാത്രമേ ക്രിസ്മസ് എന്ന സംഭവത്തിനു പിന്നിലെ ദൈവിക ഇടപെടലിന്‍റെ വ്യാപ്തി നമുക്കു ബോധ്യപ്പെടുകയുള്ളൂ. ആകസ്മികതയും ആസൂത്രണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ഗണിതശാസ്ത്രപരമായ വഴിയാണിത്. ഉദാഹരണത്തിന്, നിങ്ങൾ ഒരു നാണയം ടോസ് ചെയ്യുന്നു എന്നു കരുതുക. അത് ഹെഡ് വീഴാനുള്ള സാധ്യത രണ്ടിലൊന്നാണ്. എന്നാൽ, തുടർച്ചയായി പത്തു തവണ ടോസ് ചെയ്യുമ്പോഴും ഹെഡ് തന്നെ വീഴണമെങ്കിൽ അതിന്‍റെ സാധ്യത ആയിരത്തിൽ ഒന്നു മാത്രമായി ചുരുങ്ങുന്നു. ഇനി, നൂറു തവണ തുടർച്ചയായി ഹെഡ് വീഴണമെങ്കിലോ? അതു ഗണിതശാസ്ത്രപരമായി അസാധ്യമായ ഒരു കാര്യമായി മാറുന്നു.

ഇനി മറ്റൊരു ഉദാഹരണം നോക്കാം. കടൽത്തീരത്തെ മണൽത്തരികളെക്കുറിച്ച് ഒന്നു ചിന്തിക്കുക. തിരമാലകൾ അടിച്ചുകയറുമ്പോൾ അവിടെ കിടക്കുന്ന കല്ലുകൾ യാദൃശ്ചികമായി പല രൂപത്തിൽ കിടന്നേക്കാം. എന്നാൽ, ആ കല്ലുകൾ കൃത്യമായ അടുക്കിൽ ക്രമീകരിക്കപ്പെട്ട് 'സ്വാഗതം' എന്നോ 'തിരമാലകൾ പാടുന്നു' എന്നോ ഉള്ള അർഥപൂർണമായ ഒരു വാചകമായി മാറാൻ സാധ്യതയുണ്ടോ? കോടിക്കണക്കിനു വർഷങ്ങൾ തിരയടിച്ചാലും അതു സംഭവിക്കില്ലെന്നു നമുക്കറിയാം. അത്തരം ഒരു വാചകം കണ്ടാൽ ഉറപ്പിക്കാം, അതു തിരമാലകൾ ഉണ്ടാക്കിയതല്ല, അതിനു പിന്നിൽ ബുദ്ധിയുള്ള ഒരാളുടെ കൈകളുണ്ടെന്ന്. അർഥപൂർണമായ വിവരങ്ങൾ ഒരിക്കലും യാദൃശ്ചികമായി ഉണ്ടാവില്ല എന്ന ഈ തത്വം ക്രിസ്തുവിന്‍റെ ജനനത്തിലേക്കു പ്രയോഗിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം അദ്ഭുതകരമാണ്.

തെറ്റുമെന്നു തോന്നിയ പ്രവചനം

ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള പഴയനിയമ ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ, വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് കൃത്യമായ മുന്നൂറിലധികം പ്രവചനങ്ങൾ നമുക്കു കാണാൻ സാധിക്കും. ഇവ ഓരോന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. ഒരൊറ്റ വ്യക്തിയിലേക്കു വിരൽ ചൂണ്ടുന്ന കൃത്യമായ വിവരങ്ങൾ ആയിരുന്നു. ഇവയിൽ പലതും ആ വ്യക്തിക്കു സ്വന്തമായി നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരാൾക്ക് തന്‍റെ പൂർവികർ ആരായിരിക്കണമെന്നോ താൻ എവിടെ ജനിക്കണമെന്നോ തീരുമാനിക്കാൻ കഴിയില്ല.

എന്നാൽ, ബി.സി. 700-ൽ മീഖാ പ്രവാചകൻ എഴുതിവച്ചു; ഇസ്രായേലിലെ ഗോത്രങ്ങളിൽ വച്ച് ഏറ്റവും ചെറിയതായ ബെത്‌ലഹേമിലായിരിക്കും രക്ഷകൻ ജനിക്കുക എന്ന്. ഉൽപ്പത്തി പുസ്തകത്തിൽ അവൻ യൂദാ ഗോത്രത്തിൽ നിന്നുള്ളവനായിരിക്കുമെന്നും ഏശയ്യാ പ്രവാചകൻ അവൻ ദാവീദിന്‍റെ സിംഹാസനത്തിൽ അവകാശിയായിരിക്കുമെന്നും രേഖപ്പെടുത്തി. എന്നാൽ, നൂറ്റാണ്ടുകൾക്കിപ്പുറം ഗർഭിണിയായ മേരി ഉള്ളത് നസ്രത്തിലാണ്. പ്രവചനം തെറ്റാൻ പോകുകയാണോ? ഇല്ല. ഇവിടെയാണ് ചരിത്രത്തിന്‍റെ നാടകീയമായ ഇടപെടൽ. ലോകം ഭരിക്കുന്ന റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറിനു പെട്ടെന്നൊരു തോന്നലുണ്ടാകുന്നു; ഒരു സെൻസസ് നടത്തണം. ആ ഒരൊറ്റ തീരുമാനത്തിന്‍റെ ബലത്തിൽ, നിറവയറുമായി മേരിക്കു നസ്രത്തിൽനിന്നു ബെത്‌ലഹേമിലേക്കു യാത്ര ചെയ്യേണ്ടി വന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ഒരു പ്രവചനം നിറവേറ്റാൻ, ഒരു സാമ്രാജ്യത്തിന്‍റെ ചക്രവർത്തിയെക്കൊണ്ട് പോലും ഉത്തരവിടുവിച്ച ആ കൃത്യത... അത് അവിശ്വസനീയമാണ്!

ഏറ്റവും ഞെട്ടിക്കുന്നത് ഒറ്റിക്കൊടുക്കലിന്‍റെ കണക്കുകളാണ്. സഖറിയാ പ്രവാചകൻ ബി.സി. 500-ൽ തറപ്പിച്ചു പറഞ്ഞു; "അവനെ 30 വെള്ളിക്കാശിനു വിൽക്കും." ശ്രദ്ധിക്കണം, 29 അല്ല, 31 അല്ല, കൃത്യം 30 വെള്ളിക്കാശ്! ആ പണം ദേവാലയത്തിലേക്കു വലിച്ചെറിയുമെന്നും ഒടുവിൽ അതു കുശവന്‍റെ നിലം വാങ്ങാൻ ഉപയോഗിക്കുമെന്നും പ്രവചനം കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾക്കിപ്പുറം, യൂദാസ് ഇസ്കരിയോത്ത കൈയിൽ കിട്ടിയ 30 വെള്ളിക്കാശ് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞ് ജീവനൊടുക്കിയപ്പോൾ, അറിയാതെ പോലുമവൻ ചരിത്രം മുൻകൂട്ടി എഴുതിയ തിരക്കഥയിൽ അഭിനയിക്കുകയായിരുന്നു.

ഭയാനകമായ കൃത്യത

മരണത്തിന്‍റെ രംഗങ്ങൾ ഇതിലും ഭയാനകമായ കൃത്യതയോടെയാണ് എഴുതപ്പെട്ടത്. ബി.സി 1000-ാമാണ്ടിൽ, റോമാക്കാർ കുരിശുമരണം എന്ന ക്രൂരമായ ശിക്ഷാരീതി കണ്ടുപിടിക്കാനും നൂറ്റാണ്ടുകൾക്ക് മുൻപേ, ദാവീദ് സങ്കീർത്തനത്തിൽ എഴുതിവച്ചു: "അവർ എന്‍റെ കൈകളും കാലുകളും തുളച്ചു." കുരിശിന്‍റെ ചുവട്ടിൽ നടന്ന കാര്യങ്ങൾ പോലും; വസ്ത്രത്തിനു വേണ്ടി പടയാളികൾ ചീട്ടിടുന്നത് മുതൽ ദാഹിച്ചപ്പോൾ വിനാഗിരി നൽകുന്നതും ഒടുവിൽ ഒരസ്ഥിപോലും ഒടിയാതെ മരിക്കുന്നതും വരെ എല്ലാം നൂറ്റാണ്ടുകൾക്കു മുൻപേ രേഖപ്പെടുത്തപ്പെട്ടിരുന്നു. മരിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും സ്വയം നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങൾ പോലും ഇത്ര കൃത്യമായി സംഭവിക്കുമ്പോൾ, അദ്ഭുതം എന്നല്ലാതെ മറ്റെന്താണ് അതിനെ വിളിക്കുക?

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് ഡാനിയേൽ പ്രവാചകന്‍റെ പുസ്തകത്തിലെ സമയക്രമം. ചരിത്രത്തെ ഗണിതവുമായി കൂട്ടിയിണക്കുന്ന അത്ഭുതകരമായ ഒരു 'കൗണ്ട് ഡൗൺ' ആണിത്. പ്രവചനങ്ങളിൽ 'എഴുപത് ആഴ്ചകൾ' എന്നൊരു കാലഘട്ടത്തെക്കുറിച്ച് ഡാനിയേൽ പരാമർശിക്കുന്നുണ്ട്. ഇതിൽ 69 ആഴ്ചകൾ (അതായത് 483 വർഷങ്ങൾ, ഒരു ബൈബിൾ ആഴ്ച എന്നത് എഴ് വർഷങ്ങളാണ്) ജറുസലേം പുനർനിർമിക്കാനുള്ള കൽപന മുതൽ മിശിഹാ വരുന്നത് വരെയാണെന്നു വചനം പറയുന്നു. ചരിത്രരേഖകൾ പരിശോധിച്ചാൽ, ബി.സി 445ൽ പേർഷ്യൻ രാജാവായ അർഥശഷ്ടാവ് നൽകിയ കൽപന മുതൽ എ.ഡി 33-ൽ യേശുവിന്‍റെ മരണം വരെയുള്ള കാലയളവ് ഈ പ്രവചനവുമായി ഗണിതശാസ്ത്രപരമായ കൃത്യതയോടെ ഒത്തുപോകുന്നതായി കാണാം. പുരാതന കലണ്ടറിലെ 360 ദിവസങ്ങൾ വച്ച് കണക്കുകൂട്ടിയാൽ കൃത്യം ആ പെസഹാ വ്യാഴാഴ്ച വരെ എത്തിനിൽക്കുന്ന ഈ കണക്ക് നമ്മളെ അത്ഭുതപ്പെടുത്തും. ഒരു മനുഷ്യായുസിനും നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് ഇത്ര കൃത്യമായി നോക്കാൻ കഴിയില്ല.

ഒന്നും യാദൃച്ഛികമല്ല

ഇവിടെയാണ് സംഭാവ്യതാ സിദ്ധാന്തം അതിന്‍റെ വിധിപ്രസ്താവം നടത്തുന്നത്. ഈ പ്രവചനങ്ങളിൽ ഒരെണ്ണം യാദൃച്ഛികമായി സംഭവിക്കാൻ പത്തിൽ ഒന്ന് സാധ്യതയുണ്ടെന്നു കരുതുക. എങ്കിൽ, സ്വതന്ത്രമായ 300ൽ അധികം പ്രവചനങ്ങൾ ഒരൊറ്റ വ്യക്തിയിൽ നിറവേറാനുള്ള സാധ്യത എത്രയായിരിക്കും? പ്രപഞ്ചത്തിലെ മുഴുവൻ ആറ്റങ്ങളുടെ എണ്ണത്തേക്കാൾ വലിയ സംഖ്യകൾ കൊണ്ടേ ഇതിന്‍റെ അസാധ്യതയെ വിവരിക്കാൻ കഴിയൂ. ഇതിനർഥം, ഇതു യാദൃച്ഛികമല്ല; ചരിത്രത്തിനു മുകളിൽ നിൽക്കുന്ന ഒരു ബുദ്ധിശക്തിയുടെ കൃത്യമായ ഇടപെടലാണ്.

ഡിസംബറിന്‍റെ മഞ്ഞിൽ മിഴിതുറക്കുന്ന നക്ഷത്രവിളക്കുകൾ വെറും കാഴ്ചകളല്ല. അസംഭവ്യമായ കാര്യങ്ങൾ ചരിത്രത്തിന്‍റെ താളുകളിൽ കവിത പോലെ ചേർത്തുവച്ച ഒരു മഹാവിസ്മയത്തിന്‍റെ ഓർമപ്പെടുത്തലാണത്. മുന്നൂറിലധികം പ്രവചനങ്ങളുടെ ഈ അത്ഭുതകരമായ ഒത്തുചേരൽ വിരൽചൂണ്ടുന്നത് ബെത്‌ലഹേമിലെ ആ പുൽക്കൂടിലേക്കാണ്. അതൊരു സാധാരണ തുടക്കമായിരുന്നില്ല; യുക്തിയുടെ വരകൾക്കും അപ്പുറമുള്ള, പ്രകൃതിനിയമങ്ങളെ തോൽപ്പിച്ച ഒരു അമാനുഷിക മുഹൂർത്തമായിരുന്നു. കാലത്തെ സൃഷ്ടിച്ചവൻ കാലത്തിനുള്ളിലേക്ക് ഇറങ്ങിവന്ന ആ നിമിഷമാണ് ക്രിസ്മസ്. യുക്തിയും വിശ്വാസവും കൈകോർക്കുന്ന ഈ മഹാസത്യം ആഘോഷങ്ങൾക്കൊപ്പം നിങ്ങളുടെ ഉള്ളിലും നിറയട്ടെ. ഏവർക്കും ക്രിസ്മസ് ആശംസകൾ!

Latest News

Corehub Up