പാരീസ്: പശ്ചിമ ഫ്രാൻസിലെ സുയാൻസ് പട്ടണത്തിലെ സെന്റ് ഹിലാരി കത്തോലിക്കാ പള്ളിയിൽ മതതീവ്രവാദികളുടെ അതിക്രമം.
കഴിഞ്ഞ ചൊവ്വാഴ്ച ഇവർ പള്ളിയകത്തു കയറി ബഹളംവയ്ക്കുകയും ദേവാലയവസ്തുക്കൾ തട്ടിമറിക്കുകയും ഭിത്തികൾ വൃത്തിഹീനമാക്കുകയും ചെയ്തു. പള്ളിയിലെ ബെഞ്ചുകളിൽ കയറിനിന്ന് ഇസ്ലാമിക തീവ്രവാദത്തെ പ്രകീർത്തിക്കുന്ന പാട്ടുകൾ പാടി ദേവാലയന്തരീക്ഷം കലുഷിതമാക്കുകയും ചെയ്തു.
ഫ്രാൻസിലെ തുളൂസ് പട്ടണത്തിൽ 2012 മാർച്ചിൽ ഏഴു പേരെ കൊന്ന മൊഹമ്മദ് മെറായെയും പാരീസിൽ 2015 നവംബറിൽ ബത്താക്ലാൻ സംഗീതസദസിൽ കൂട്ടക്കൊല നടത്തിയ സലാ അബ്ദുസലാമിനെയും വാഴ്ത്തുന്ന പാട്ടുകൾ പാടി അക്രമിസംഘം പള്ളിയകത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇസ്ലാമിക മത മുദ്രാവാക്യങ്ങളും മുഴക്കി.
അതിക്രമത്തിനുശേഷം ലുസോൺ രൂപതാധികൃതർ പള്ളി അടച്ചു. സംഭവത്തെ ശക്തമായി അപലപിച്ച രൂപത, ആരാധനാലയത്തെ ആക്രമിക്കുകയും ഇടവകയുടെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്തത് ഗുരുതരമായ കാര്യമാണെന്ന് ഓർമിപ്പിച്ചു. പരിഹാര പ്രാർഥനകൾക്കുശേഷം ഇന്നു പള്ളി തുറക്കുമെന്നാണ് അറിയുന്നത്.