ചെങ്ങന്നൂർ: ആകാശത്തോളം ഉയരത്തിൽ തെളിഞ്ഞ പതിനായിരക്കണക്കിന് ദീപനാളങ്ങൾക്കിടയിലൂടെ ആർപ്പുവിളികളുടെയും ഗജവീരന്മാരുടെ അകമ്പടിയോടെയും ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി പടനിലം ക്ഷേത്ര മൈതാനിയിലേക്ക് എഴുന്നള്ളി. 13 പള്ളിവിളക്കുകളിലായി അരലക്ഷത്തിലധികം ദീപങ്ങൾ ഒരേസമയം തെളിഞ്ഞതോടെ ചെറിയനാട് പ്രദേശം തേജോമയമായി.
ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് പ്രസിദ്ധമായ പുറപ്പാട് എഴുന്നള്ളത്ത് ആരംഭിച്ചത്. 44 അടി ഉയരവും 34 അടി വീതിയുമുള്ള പത്ത് വലിയ വിളക്കുകളും മൂന്നു ചെറിയ വിളക്കുകളുമാണ് ദീപക്കാഴ്ചയൊരുക്കിയത്. ഓരോ വലിയ വിളക്കിലും നാലായിരത്തോളം ദീപങ്ങൾ തെളിഞ്ഞു.
ശ്രീകോവിലിൽ നിന്നു പകർന്നു നൽകിയ ദീപം 13 വിളക്കുകളിലെയും തിരികളിലേക്ക് കരക്കാർ പകർന്നു. ഇതോടെ ക്ഷേത്രം മുതൽ പടനിലം മൈതാനം വരെയുള്ള പ്രദേശം ദീപാലങ്കാരങ്ങളാൽ ഭക്തിസാന്ദ്രമായി. കരക്കാർ കർപ്പൂരദീപങ്ങൾ തെളിച്ച് സ്വീകരിച്ചു. റെയിൽവേ ഗേറ്റിന് ഇരുവശങ്ങളിലുമായി പത്തു വലിയ വിളക്കുകൾ അണിനിരന്നു. ദീപങ്ങൾ തെളിച്ച പത്ത് വലിയ വിളക്കുകളും മൂന്ന് ചെറിയ വിളക്കുകളും കരക്കാർ വടം കെട്ടി വലിച്ചുകൊണ്ടുപോകുന്ന കാഴ്ച ചെറിയനാട് ക്ഷേത്രത്തിലെ മാത്രം സവിശേഷതയാണ്.
പടനിലം മൈതാനിയിൽ അരിയന്നൂർശേരി കരക്കാരുടെ സ്വീകരണവും അൻപൊലിയും സ്വീകരിച്ച ശേഷം തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയതോടെ ചടങ്ങുകൾ സമാപിച്ചു.