പാലാ: നഗരത്തെ നീരീക്ഷിക്കുവാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നാടെങ്ങും സ്ഥാപിച്ച കാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായ നിലയിലാണ്. നഗരത്തെ സമഗ്രമായി നിരീക്ഷിക്കുവാനുള്ള പദ്ധതിയാണ് തകര്‍ച്ചയിലായത്. 11 വര്‍ഷം മുമ്പ് 15 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 15 കാമറകളാണ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായത്. പഴയതിനു പകരം പുതിയതു സ്ഥാപിക്കാന്‍ നഗരസഭ ഒരു വര്‍ഷം മുമ്പ് ആലോചന നടത്തിയിരുന്നു. അഞ്ചു ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു.
പഴയ കാമറകള്‍ സ്ഥാപിച്ചതു മുതല്‍ ഓരോന്നായി കണ്ണടയ്ക്കുകയായിരുന്നു. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കാമറകള്‍ പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. കാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനത്തിന്റെ പരിപാലനം നടത്തിയിരുന്നത് എറണാകുളത്തുള്ള സ്വകാര്യ കമ്പനിയാണ്. അവശേഷിച്ചിരുന്ന കാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണത്താലാണ് അറ്റകുറ്റപ്പണികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിയത്.
ഇതു മൂലം ഏറെ കൊട്ടിഘോഷിച്ച നിരീക്ഷണ പദ്ധതി പൂര്‍ണമായും ഇല്ലാതായി. പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കാമറകളും നിരീക്ഷണ സ്ക്രീനും ഉള്‍പ്പെടെയുള്ള പദ്ധതിയുടെസംരക്ഷണത്തിന് കരാറെടുക്കുവാന് പോലും സ്ഥാപനങ്ങള്‍ തയ്യാറാകാതെവന്നതോടെയാണ് പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുവാന്‍ നഗരസഭ തീരുമാനിച്ചത്.
ഈ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കാമറകള്‍ വാങ്ങിക്കുവാന്‍ ആലോചന തുടങ്ങിയത്. എന്നാല്‍ ഇതു വരെ നടപ്പാക്കുവാന്സാധിച്ചിട്ടില്ല. നഗരത്തില്‍ കവര്ച്ചകളുണ്ടാകുമ്പോള് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി കാമറകളെ ആശ്രയിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രധാനമായും പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുവാനാണ് കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയത്.
കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്റ്റാന്‍ഡ്, മീനച്ചിലാറിന്റെയും തോടിന്റെയും തീരങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കാമറകള്‍ സ്ഥാപിച്ചത്. കാമറകള്‍ കേബിളുകള്‍ മുഖേന നഗരസഭയില്‍ സ്ഥാപിച്ച കംപ്യൂട്ടര്‍ മോണിറ്ററുമായി ബന്ധിപ്പിച്ചിരുന്നു. നഗരത്തിലെ ഓരോ ദൃശ്യവും തത്സമയം കാണുവാന്‍ സാധിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനായി ആരംഭിച്ച സീറോ വേസ്റ്റ് പദ്ധതിയുടെ തുടര്‍ച്ചയായാണ് നഗരം കാമറയുടെ നിരീക്ഷണത്തിലാക്കിയത്.
മനച്ചിലാറിന്റെയും ളാലം തോടിന്റെയും പരിസര പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കുറവുണ്ടായിരുന്നു. പാലാ പോലീസ് സ്റ്റേഷനിലെ മോണിറ്ററിംങ് സംവിധാനത്തിലും കാമറയുടെ ദൃശ്യങ്ങള്‍ പതിയും വിധമായിരുന്നു പദ്ധതി.എന്നാല്‍ ഇതെല്ലാം ഇന്ന് അവതാളത്തിലായി കിടക്കുകയാണ്.