തിരുവനന്തപുരം: മലപ്പുറത്തും കാസർഗോഡും തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ല.രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞ്.
അത് ചിലർ വളച്ചൊടിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം ലീഗ് ജയിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.