കണമല: കണമല ഇറക്കത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നു റോഡിലേക്ക് ഇടിഞ്ഞ മണ്ണും കോൺക്രീറ്റ് ഭിത്തിയും ഇന്നലെ നീക്കിത്തുടങ്ങി. ശബരിമല പാതയിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന കണമല ഇറക്കത്തിൽ മണ്ണിടിഞ്ഞു കിടന്നത് മാസങ്ങളായി നീക്കിയിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മണ്ണിടിച്ചിൽ സ്വന്തം ചെലവിൽ സ്ഥലം ഉടമ മാറ്റണമെന്നാണ് ദേശീയപാതാ ഉദ്യോഗസ്ഥർ അറിയിച്ചത്. വീണ്ടും മണ്ണ് ഇടിയാൻ സാധ്യത ഏറെയാണെന്നും വീട് അപകടത്തിലാകുമെന്നും റോഡിൽ അപകടം സൃഷ്ടിക്കുമെന്നും ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ശബരിമല തീർഥാടനം ആരംഭിക്കാനിരിക്കേ അപകടസാധ്യത തുടരുന്നത് എത്രയും വേഗം പരിഹരിക്കണമെന്ന് ദേശീയപാതാ അധികൃതരോട് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഉദ്യോഗസ്ഥരെത്തി റോഡിന്റെ വശത്തേക്കു കിടന്ന കോൺക്രീറ്റ് ഭിത്തി കട്ടർ മെഷീൻ ഉപയോഗിച്ച് പൊട്ടിച്ച് കഷണങ്ങളാക്കി മാറ്റിയശേഷം ഇടിഞ്ഞു കിടന്നിരുന്ന മണ്ണെടുത്തു നീക്കി. ഇവിടെ ഉയരമേറിയ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ചാലാണ് മണ്ണിടിച്ചിൽ സാധ്യത ഒഴിയുക. ഇക്കാര്യത്തിൽ ദേശീയപാതാ വിഭാഗം ഉറപ്പ് നൽകിയിട്ടില്ല.
താത്കാലിക സുരക്ഷ ഒരുക്കുന്ന ജോലികളാണ് നടത്തുന്നതെന്നും ദേശീയപാതാ വിഭാഗത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മാത്രമാണ് ഫണ്ട് ഉപയോഗിക്കാൻ സാധിക്കൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേക അനുമതി ലഭിച്ച് എസ്റ്റിമേറ്റ് എടുത്ത് ഫണ്ടും ഭരണാനുമതിയും ലഭിച്ചാലാണ് സ്വകാര്യ സ്ഥലത്തെ സംരക്ഷണ നിർമിതികൾ നടത്താനാവുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ ഉയരത്തിലുള്ള മൺതിട്ട പൂർണമായും ഇടിഞ്ഞ അവസ്ഥയിലാണ്.
a