കണ്ണൂര്: രണ്ടു മാസത്തെ ശമ്പളം കുടിശികയായതിനെത്തുടർന്ന് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ സംഘടനാ വ്യത്യാസമില്ലാതെ കൂട്ട അവധിയെടുത്ത് ഓഫീസ് തുറക്കാതെ പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ പണം നിക്ഷേപിച്ചിരുന്ന വളപട്ടണം സർവീസ് സഹകരണ ബാങ്കിൽനിന്ന് പണം തിരികെ ലഭിക്കാതിരുന്നതോടെയാണ് ജീവനക്കാർക്ക് ശന്പളം മുടങ്ങിയത്.
സാന്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് ബാങ്ക് അടച്ചുപൂട്ടലിന്റെ വക്കിലാണ്. പഞ്ചായത്തിന്റെ ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായുണ്ട്. ബാങ്കിൽനിന്നു പണം തിരിച്ചെടുക്കാൻ കഴിയാതായതോടെ 14 ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന ചെലവിനുള്ള പണം പോലുമില്ലാത്ത അവസ്ഥയാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉണ്ടായിരുന്ന പഞ്ചായത്തിന്റെ രണ്ട് കോടിയോളം രൂപയാണ് നേരത്തെയുള്ള ഭരണസമിതി വളപട്ടണം സഹകരണ ബാങ്കിലേക്ക് മാറ്റിയത്. ഇതിലെ ഒരു കോടിയോളം രൂപയാണ് തിരിച്ചു ലഭിക്കാത്തത്.
മുസ്ലിം ലീഗ് ഭരണസമിതിക്കു കീഴിലുള്ള വളപട്ടണം ബാങ്കിന്റെ പ്രതിസന്ധി മറികടക്കാനാണ് ലീഗിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിന്റെ പണം ഇവിടേക്ക് മാറ്റിയതെന്നും ആരോപണമുണ്ട്. വായ്പാ തിരിച്ചടവ് ഉൾപ്പടെ മുടങ്ങി സാന്പത്തിക ഭദ്രത നഷ്ടപ്പെട്ട ബാങ്കിന് ഇപ്പോൾ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനാവാത്ത അവസ്ഥയാണ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നടപടിയുണ്ടാകാണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്തിലെ പുതിയ ഭരണസമിതി.