ന്യൂഡൽഹി: പഴയ ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും മാറ്റാതെ തന്നെ അവയെ ഉയർന്ന ശേഷിയുള്ള 'ക്ലൗഡ് പിസി'യാക്കി മാറ്റാൻ സഹായിക്കുന്ന 'ജിയോ പിസി' സേവനം റിലയൻസ് ജിയോ രാജ്യത്തുടനീളം ആരംഭിച്ചു. മുൻപ് ജിയോഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് മാത്രമായി ലഭ്യമായിരുന്ന ഈ സേവനം ഇനിമുതൽ ഏത് ടെലികോം/ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കും ലഭ്യമാകും.
കമ്പ്യൂട്ടറിന്റെ പ്രൊസസ്സിംഗ് ജോലികൾ പൂർണമായും ജിയോയുടെ ക്ലൗഡ് സെർവറുകളിൽ നടത്തുന്നതിലൂടെ, പഴക്കമേറിയതും വേഗത കുറഞ്ഞതുമായ കമ്പ്യൂട്ടറുകളിലും ആധുനിക ആപ്ലിക്കേഷനുകളും എഐ സവിശേഷതകളും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ലാപ്ടോപ്പുകൾക്ക് പുറമേ, ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ടിവിയിലേക്ക് കീബോർഡും മൗസും ബന്ധിപ്പിച്ച് ടിവിയെ ഒരു കമ്പ്യൂട്ടറാക്കി മാറ്റാനും ജിയോ പിസി സൗകര്യമൊരുക്കുന്നു. അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ട് ഡാറ്റയൊന്നും നഷ്ടപ്പെടാതെ ഈ സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാം.
ജിയോ പിസി പ്രവർത്തിക്കാൻ തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ അത്യാവശ്യമാണ്. ഈ ക്ലൗഡ് പിസി ഉബുണ്ടു. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വിൻഡോസ് സോഫ്റ്റ്വെയറുകൾ നേരിട്ട് പ്രവർത്തിക്കണമെന്നില്ല. പഠനം, ഓഫീസ് ജോലികൾ, ബ്രൗസിംഗ് എന്നിവയ്ക്കായി പുതിയ കമ്പ്യൂട്ടർ വാങ്ങി പണം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് ജിയോ പിസി മികച്ചൊരു ബദലാണ്.