പരവൂർ: ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്കും ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് കോച്ചുകൾ വരുന്നു. ഇതിനായുള്ള സമയബന്ധിതമായ പദ്ധതികൾ റെയിൽവേ മന്ത്രാലയം തയാറാക്കി. കോച്ചുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്) അധികൃതർ വ്യക്തമാക്കി.
കോച്ച് നിർമാണത്തിനുള്ള ടെന്റർ നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ അറിയിച്ചു. വിവിധ റെയിൽവേ വർക്ക്ഷോപ്പുകളിലായി വന്ദേഭാരത് ചെയർകാർ തീവണ്ടിയുടെ 1500 കോച്ചുകൾകൂടി നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
വന്ദേഭാരത് കോച്ചുകൾ ഘടിപ്പിക്കുമ്പോൾ ശതാബ്ദി എക്സ്പ്രസുകൾക്ക് എൻജിൻ വേണോഎന്നത് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
720 കോച്ചുകൾ പെരമ്പൂർ ഐസിഎഫിലും ബാക്കി കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലുമാണ് നിർമിക്കുക.
88 തീവണ്ടികൾക്ക് ആവശ്യമായ 1500 കോച്ചുകൾ 2030-നകം നിർമിക്കാനാണ് പദ്ധതി.
16 കോച്ചുകളുള്ള ശതാബ്ദി തീവണ്ടികളും 20 കോച്ചുകളുള്ള ശതാബ്ദി വണ്ടികളുമുണ്ട്. വന്ദേഭാരത് ചെയർ കോച്ചുകളുള്ള തീവണ്ടികൾ രാജ്യത്ത് 164 സർവീസുകളാണ് നടത്തുന്നത്. ഇവയുടെ എണ്ണം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനാണ് റെയിൽവേയുടെ തീരുമാനം.