തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പു യുദ്ധത്തിനു കാഹളം മുഴങ്ങിയിരിക്കുന്നു. വേനൽചൂടിനെയും വെല്ലുന്ന രാഷ്ട്രീയ പോരാട്ടത്തിനാണു കേരളം സാക്ഷ്യംവഹിക്കാൻ പോകുന്നത്. 25-ാം നാൾ വിധിയെഴുത്ത്.
പരസ്യപ്രചാരണത്തിന് 23 ദിവസം. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതു വരെയും ഭരണനടപടികളിലൂടെയും രാഷ്ട്രീയ നീക്കങ്ങളിലൂടെയും നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്നമാണു ഭരണമുന്നണി നടത്തിയത്. പുതുയുഗയാത്രയിലൂടെ കേരളമെന്പാടും കടന്നുചെന്നു സർക്കാരിന്റെ ദുഷ്ചെയ്തികൾ തുറന്നു കാട്ടിയും യുഡിഎഫിന്റെ ബദൽ പരിപാടികൾ നിർദേശിച്ചും ജനഹൃദയങ്ങളിലേക്കു കടന്നു കയറി എന്ന വിശ്വാസത്തിലാണു യുഡിഎഫ്. എൻഡിഎ ആകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു കഴിഞ്ഞു.
ഭരണവിരുദ്ധത മായ്ച്ചുകളയാൻ
പത്തു വർഷം ഒരു നീണ്ട കാലയളവാണ്. അത്രയും കാലം ഭരിച്ച പാർട്ടിക്കു ഭരണവിരുദ്ധത നേരിടേണ്ടി വരും. കേരളത്തിൽ എൽഡിഎഫിന്റെ അവസ്ഥയും ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പും ജനത്തിന്റെ മനസിലിരിപ്പ് വ്യക്തമായി വെളിപ്പെടുത്തി.
ഇതു മറികടക്കാൻ കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ സർക്കാരും ഇടതുമുന്നണിയും ഭഗീരഥ പ്രയത്നമാണു നടത്തിയത്. വികസനപ്രവർത്തനങ്ങളുടെ പെരുമഴ എന്ന പ്രതീതി പരത്താൻ പോന്ന ഉദ്ഘാടനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തി. വികസനപ്രവർത്തനങ്ങളുടെ പ്രചാരണാർഥം നാടുനീളെ കൂറ്റൻ ബോർഡുകളും പുതുമയാർന്ന പരസ്യരീതികളുമെല്ലാം പയറ്റി.
പ്രത്യയശാസ്ത്ര കടുംപിടിത്തം ഉപേക്ഷിച്ച് ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്നു പ്രഖ്യാപിച്ചു. നാളുകളായി ആവശ്യപ്പെടുകയും അംഗീകരിക്കാതിരിക്കുകയും ചെയ്ത നിരവധി കാര്യങ്ങളിൽ തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു തൊട്ടുമുന്പുള്ള ദിവസങ്ങളിൽ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു. ഇതിൽ കൂടുതൽ ഒരു സർക്കാരിനും മുന്നണിക്കും എന്തു ചെയ്യാൻ പറ്റും എന്നു ചിന്തിച്ചു പോകും.
ജീവനക്കാർക്കു കുടിശികയായ ഡിഎ, ഡിആർ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. പിഎസ്സി പരീക്ഷയ്ക്കുള്ള പ്രായപരിധി ഉയർത്തി. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടു നാളുകളായി നിലനിന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന ദീർഘകാല ആവശ്യം നടപ്പിലാക്കി.
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം ഉയർത്തി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും സംരക്ഷണത്തിനു വ്യവസ്ഥകൾ, ഇടുക്കിയിലെ 5,000 ചതുരശ്രയടി വരെയുള്ള വാണിജ്യകെട്ടിടങ്ങളും സൗജന്യമായി ക്രമപ്പെടുത്താൻ തീരുമാനം. ഇങ്ങനെ അവസാന ഒരു മാസം കൊണ്ടു സർക്കാർ നടപ്പിലാക്കിയ കാര്യങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ജനവിശ്വാസം തിരിച്ചു പിടിക്കാൻ ഇതു മതിയായോ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇങ്ങനെ വാരിക്കോരി കൊടുത്തിട്ടും ഫലമുണ്ടായില്ല.
സർക്കാരിനും ഭരണമുന്നണിക്കും തലവേദനയായി നിരവധി വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ടായിരുന്നു. ശബരിമല സ്വർണക്കൊള്ളയും അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളും സർക്കാരിനു വലിയ പേരുദോഷമുണ്ടാക്കി. ആരോഗ്യരംഗത്ത് തൊടുന്നതെല്ലാം പിഴച്ചു. ഒടുവിൽ കെഎസ്യുക്കാരുടെ കരിങ്കൊടി പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിനു പരിക്കേറ്റു എന്ന ആക്ഷേപവും മറ്റൊരു നാടകമായി പരിണമിച്ചു. കെഎസ്യു പ്രവർത്തകരായ ഏതാനും ചെറുപ്പക്കാരെ രണ്ടാഴ്ചയോളം അകാരണമായി ജയിലിലടപ്പിച്ചു എന്ന ആരോപണത്തിനും ഇനി സർക്കാരും മന്ത്രിയും മറുപടി പറയണം.
മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരേ സ്വന്തം ഭാര്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ആക്ഷേപങ്ങളും സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ചു. പിആർ പ്രവർത്തനങ്ങളുടെ വിസ്ഫോടനമാണ് കഴിഞ്ഞ രണ്ടു മാസം നടന്നു വന്നത്. നടൻ മോഹൻലാലും നടി ഭാവനയുമെല്ലാം ചേർന്നുള്ള പ്രചാരണങ്ങൾ സർക്കാരിനെ തുണയ്ക്കുമോ എന്ന് അറിയാൻ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കാത്തിരിക്കണം.
ആത്മവിശ്വാസത്തിന്റെ നെറുകയിൽ യുഡിഎഫ്
പാർട്ടി ടിക്കറ്റിനായുള്ള കടിപിടി കണ്ടാൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു സാധ്യതകളേക്കുറിച്ച് എറെക്കുറെ മനസിലാക്കാം. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ ഉജ്വല വിജയങ്ങൾ തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസത്തിന്റെ കാതൽ. മുൻകാലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മെച്ചപ്പെട്ട ഗ്രൗണ്ട് വർക്കും അവർ ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുവനേതാക്കളുടെ നല്ലൊരു നിര ഇന്നു കോണ്ഗ്രസിനുണ്ട്. ഇവരുടെ സാന്നിധ്യവും നേതൃത്വവും കോണ്ഗ്രസിനും യുഡിഎഫിനും മുതൽക്കൂട്ടാണ്.
യുഡിഎഫിന് എല്ലാക്കാലത്തും തിരിച്ചടിയാകുന്നതു നേതൃതലത്തിലെ തമ്മിൽത്തല്ലാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് യുഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പുകാലത്തുതന്നെ നേതാക്കൾ തമ്മിൽ അടി തുടങ്ങിയാൽ അതു യുഡിഎഫിന്റെ തെരഞ്ഞെടുപ്പു സാധ്യതകളെ സാരമായി ബാധിക്കാം. ഉപതെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന രീതിയാണു കഴിഞ്ഞ അഞ്ചു വർഷവും യുഡിഎഫ് പിന്തുടർന്നത്. ഇത്തവണ അതു തെറ്റി. സിപിഎമ്മും സിപിഐയുമാകട്ടെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സ്കോർ ചെയ്തു.
തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന് ഓരോ തെരഞ്ഞെടുപ്പു കാലത്തും ബിജെപി നേതാക്കൾ പറയും. 35 സീറ്റ് കിട്ടിയാൽ ഇക്കുറി കേരളം ഭരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചതു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ്. ഫലം വന്നപ്പോൾ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടു. 2016ൽ നേമത്തും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും ജയിച്ചതാണ് ഇതുവരെ പറയാനുള്ള നേട്ടങ്ങൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചതും എടുത്തു പറയാൻ പറ്റുന്ന നേട്ടംതന്നെ.
എന്നാൽ ഇത്തവണ നിർണായക ശക്തിയാകാൻ മത്സരിക്കുന്നു എന്നു പറയുന്പോൾ എഴുതിത്തള്ളാൻ കഴിയില്ല. കാരണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ എന്നീ മൂന്നു ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിൽ അവർ ഒന്നാമതെത്തി. മറ്റ് എട്ടു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. അവർക്കു പ്രതീക്ഷിക്കാൻ വക നൽകുന്നതാണ് കണക്കുകൾ.
എന്നാൽ തെരഞ്ഞെടുപ്പു പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മയാണ് അവരുടെ പ്രശ്നം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19.2 ശതമാനത്തിലെത്തിയ അവരുടെ വോട്ട് തദ്ദേശതെരഞ്ഞെടുപ്പിൽ 25 ശതമാനമാക്കാനായിരുന്നു പാർട്ടി ലക്ഷ്യമിട്ടത്. എന്നാൽ വോട്ട് വിഹിതം 15 ശതമാനത്തിലേക്ക് വീഴുകയാണുണ്ടായത്. അതുപോലെ തന്നെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15.10 ശതമാനം വോട്ട് നേടിയ എൻഡിഎ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും 12.51 ശതമാനത്തിലേക്ക് ഒതുങ്ങി. കേരളത്തിൽ വളരുന്ന പാർട്ടി എന്ന അവരുടെ അവകാശവാദവുമായി പൊരുത്തപ്പെട്ടു പോകുന്നതല്ല പ്രകടനത്തിലെ ഈ അസ്ഥിരത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങൾക്ക് അവർ തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി മാറാത്തതും മാറും എന്ന പ്രചാരണവാചകവുമായി കൂറ്റൻ ബോർഡുകൾ കേരളത്തിലെന്പാടും തല ഉയർത്തി നിൽക്കുന്നു. മോദിയുടെ ജനപ്രിയതയും പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഫഷണൽ മികവും അവർക്കു മുതൽക്കൂട്ടാണ്. എന്നാൽ കേന്ദ്ര ബജറ്റിലുൾപ്പെടെ കേരളത്തോടു കാട്ടിയ അവഗണന അവർക്കു മറുപടിയില്ലാത്ത വിഷയമാണ്. പ്രളയകാലത്തും ഉരുൾപൊട്ടൽ കാലത്തും കേന്ദ്ര സർക്കാർ കേരളത്തോടു നീതി കാട്ടിയില്ലെന്ന ചിന്തയും കേരളീയരുടെ മനസിൽ പ്രബലമാണ്.
ഉത്തരേന്ത്യയിൽ വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുംനേരേ ഹിന്ദുത്വവാദികൾ നടത്തുന്ന അതിക്രമങ്ങൾ കേരളത്തിൽ ക്രൈസ്തവർക്കിടയിലേക്കു കടന്നുകയറാനുള്ള ബിജെപിയുടെ മോഹങ്ങൾക്കു തിരിച്ചടിയാണ്. ദേവാലയങ്ങൾ വരെ തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ ഇവിടെ പ്രചരിക്കുന്നുണ്ട്. ഏതാനും സീറ്റുകൾ നേടി നിർണായക ശക്തിയായാൽ പിന്നീടങ്ങോട്ടുള്ള നീക്കം എളുപ്പമാകുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. ബിജെപിയുടെ മോഹങ്ങൾക്കുള്ള മറുപടിയും തെരഞ്ഞെടുപ്പു ഫലം നൽകും.