പാലാ: കാല്‍പ്പന്തുകളിയുടെ ആവേശവുമായി കമന്ററി പറഞ്ഞൊരു കന്യാസ്ത്രീ വൈറല്‍ താരമാകുന്നു. പാലാ അല്‍ഫോന്‍സാ കോളജിലെ രസതന്ത്ര വിഭാഗം മേധാവിയായി വിരമിച്ച സിസ്റ്റര്‍ ടെസി പള്ളിക്കാപ്പറമ്പില്‍ എന്ന ഡോ. ജില്ലി ജയിംസാണ് കാല്‍പ്പന്തുകളി ആസ്വാദകരുടെ മനം കവരുന്നത്.
പാലാ നഗരസഭാ കവാടത്തില്‍ തയാറാക്കിയ കൂറ്റന്‍ സ്ക്രീനില്‍ നഗരവാസികള്‍ കളിയ ആസ്വദിച്ചപ്പോള്‍ കമന്ററിയായി എത്തിയത് സിസ്റ്റര്‍ ടെസിയുടെ വാക്കുകളാണ്. നഗരസഭാധ്യക്ഷയുടെ അഭ്യര്‍ഥനപ്രകാരം നേരത്തെ റിക്കാര്‍ഡ് ചെയ്ത ശബ്ദമായിരുന്നു സംപ്രേഷണം ചെയ്തത്. ""ലോകമൊരു കാല്പ്പന്തിന് പിന്നാലെ പായുമ്പോള്‍ ആവേശം അതിരുകള്‍ ഭേദിച്ച് ഫുട്ബോള്‍ എന്ന വികാരം ഓരോ കായികപ്രേമിയുടെയും സിരകളില്‍ അലിഞ്ഞുചേരുന്ന നിമിഷം... ആരായിരിക്കും വേള്‍ഡ് കപ്പില്‍ മുത്തമിടുക. പല വമ്പന്മാരും കാലിടറി മടങ്ങിയ മത്സരക്കളത്തില്‍ ഇനി പടപൊരുതി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത് വിജയിച്ച പോരാളികളുടെ മത്സരം’’ സിസ്റ്റര്‍ ടെസിയുടെ ആവേശം നിറച്ച വാക്കുകള്‍ ബിഗ് സ്ക്രീനിന് മുന്നില്‍ കണ്ണുംനട്ടിരുന്ന കാല്പ്പന്തുകളിയാസ്വാദകരുടെ ആവേശം ഉയര്‍ത്തി.
കഴിഞ്ഞയാഴ്ച പാലാ അല്‍ഫോന്‍സാ കോളജില്‍ വേള്‍ഡ് കപ്പിന്റെ ഭാഗമായി നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരവേദിയില്‍ കമന്ററി പറഞ്ഞ സിസ്റ്റര്‍ ടെസിയെ മുഖ്യാതിഥിയായിരുന്ന രമേഷ് പിഷാരടി എംഎല്‍എ വേദിയില്‍നിന്നിറങ്ങി വന്ന് ആദരിച്ചിരുന്നു. മാന്ത്രിക വാക്കുകളാണ് സിസ്റ്റര്‍ ടെസിയമ്മയുടേത് എന്നായിരുന്നു പിഷാരടിയുടെ അഭിനന്ദന വാക്കുകള്‍.
ഭക്തിഗാനമുള്പ്പെടെ അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട് സിസ്റ്റര്‍ ടെസി. പാട്ടുകള്‍ എഴുതുക മാത്രമല്ല അവയ്ക്ക് സംഗീതം പകരുകയും അതിന് ദൃശ്യാവിഷ്കാരമൊരുക്കുകയും അത് എഡിറ്റ് ചെയ്യുകയും എല്ലാം ചെയ്യുന്നത് സിസ്റ്റര്‍ ടെസി ഒറ്റയ്ക്കാണ്. സംഗീതം ഇതുവരെ പഠിച്ചിട്ടില്ലെങ്കിലും ക്രിസ്തുരാജ് മിഷന്, കെം സ്റ്റാർസ് എന്നീ യൂട്യൂബ് ചാനലുകള്‍ നടത്തുന്നുണ്ട്. സിസ്റ്റര്‍ ടെസി, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെയും ഗായിക സിസിലിയുടെയും അടുത്ത ബന്ധുവാണ്. 2026 മാര്‍ച്ച് 31 നാണ് കോളജില്‍നിന്നു വിരമിച്ചത്.
പാലാ അല്‍ഫോന്‍സാ കോളജില്‍നിന്നു ഡിഗ്രിയും ചെന്നൈ ലയോള കോളജില്‍ നിന്ന് പിജിയും എംഫിലും പിഎച്ച്ഡിയും നേടിയ അഡോറേഷന്‍ സഭാംഗമായ സിസ്റ്റര്‍ ടെസി അധ്യാപന രംഗത്തും ശ്രദ്ധേയയായിരുന്നു.