ന്യൂഡല്‍ഹി: വനഭൂമിയില്‍ വാണിജ്യവിളകള്‍ കൃഷി ചെയ്യുന്നത് വനാവകാശമല്ലെന്നും അതിന്റെ പേരില്‍ വനമേഖലയിലെ കൈയേറ്റമോ തുടര്താമസമോ ന്യായീകരിക്കാനാകില്ലെന്നും സുപ്രീംകോടതി.
തമിഴ്നാട്ടിലെ മേഘമല വനഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ശ്രീവിള്ളിപുത്തൂര്‍-മേഘമല കടുവാ സങ്കേതത്തിന്റെയും അഗസ്ത്യമല പരിസ്ഥിതിലോല ഭൂപ്രദേശത്തിന്റെയും ഭാഗമായ മേഘമല വനഭൂമിയിലെ കൈയേറ്റങ്ങളാണ് കോടതി പരിശോധിച്ചത്.
വനമേഖലയില്‍ പട്ടുനൂല്‍ പരുത്തി കൃഷി ചെയ്യുന്നത് പരമ്പരാഗത ചെറുകിട വനവിഭവങ്ങളുടെ ഗണത്തില്‍ വരുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. വാണിജ്യവിളകളുടെ ആസൂത്രിത കൃഷി സ്വാഭാവികമായി ലഭിക്കുന്ന വനവിഭവങ്ങളുടെ ആശയത്തിന് വിരുദ്ധമാണ്. വനമേഖലയില്‍ ഇത്തരം കൃഷി അനുവദിക്കുന്നത് വനത്തിന്റെ സ്വാഭാവികസ്വഭാവം തന്നെ മാറ്റുമെന്നും കോടതി നിരീക്ഷിച്ചു.
വനാവകാശ നിയമപ്രകാരമുള്ള അവകാശവാദങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായി പ്രത്യേക സമിതിയെയും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിയോഗിച്ചു. കേന്ദ്ര എംപവേഡ് കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും തമിഴ്നാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സും സമിതിയില്‍ അംഗങ്ങളായിരിക്കും. സമിതി പരിശോധന പൂര്‍ത്തിയാക്കി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
വനാവകാശ നിയമപ്രകാരം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനവാസികളും മറ്റു പരമ്പരാഗത വനവാസികളും നിശ്ചിത നിയമവ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. വനമേഖലയിലെ പ്രാഥമിക താമസവും ഉപജീവനത്തിനായി വനഭൂമിയെ ആശ്രയിക്കുന്നതും അതില്‍ പ്രധാനമാണ്. മറ്റ് പരമ്പരാഗത വനവാസികളുടെ കാര്യത്തില്‍ 2005 ഡിസംബര്‍ 13നു മുമ്പുള്ള മൂന്ന് തലമുറകളുടെ അഥവാ 75 വര്‍ഷത്തെ വനവാസവും തെളിയിക്കണം.