കോഴിക്കോട്: സിപിഎം നേതാവ് പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ കമ്പനിക്കു കരാറുകള്‍ നല്‍കിയെന്ന ആരോപണത്തില്‍ കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ ഹാജരായ ആസിഫില്നിന്നു ഡിവൈഎസ്പി സി. ശിവപ്രസാദാണു മൊഴിയെടുത്തത്.
രാവിലെ തുടങ്ങിയ മൊഴിയെടുപ്പ് വൈകുന്നേരം വരെ നീണ്ടു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലും കാര്‍ട്ടണ്‍ ഇന്ത്യ ഓഫിസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എംഡിയുടെ മൊഴി രേഖപ്പെടുത്തിയത്.
ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ വിവരങ്ങളും ഹാജരാക്കാന്‍ വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ സ്വകാര്യ കമ്പനിക്കു നിര്‍മാണ കരാര്‍ നല്‍കിയതിലൂടെ 12 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായും കാര്‍ട്ടണ്‍സ് കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. വിജിലന്‍സ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണച്ചുമതല.