തൃശൂർ: ജില്ലയിലെ സിപിഐ സ്ഥാനാർഥിനിർണയത്തിൽ ധാരണയായി. മന്ത്രി കെ. രാജൻ ഒല്ലൂർ മണ്ഡലത്തിൽതന്നെ ജനവിധി തേടും.
മൂന്നാം തവണയാണ് രാജൻ മത്സരരംഗത്തിറങ്ങുന്നത്. പാർട്ടിയിലെ ടേം വ്യവസ്ഥയിൽ ഇളവു നൽകിയാണ് രാജനെ വീണ്ടും പരിഗണിച്ചത്. ജില്ലയിൽ മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ മൂന്നിടത്തും പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് പാർട്ടിയുടെ തീരുമാനം.
കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനു പകരം പാർട്ടി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ സ്ഥാനാർഥിയാകും. കയ്പമംഗലത്തു രണ്ടുതവണ എംഎൽഎയായിരുന്ന ഇ.ടി. ടൈസണെ മാറ്റി മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ നിശ്ചയിച്ചു.
നാട്ടികയിൽ സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ തന്നെ വീണ്ടും മത്സരിക്കും. മണ്ഡലം കമ്മിറ്റിയിൽ മുകുന്ദനെതിരേ വിമർശനങ്ങൾ ഉയർന്നെങ്കിലും ഒരുതവണ മാത്രം എംഎൽഎയായ അദ്ദേഹത്തെ മാറ്റുന്നതു പുതിയ വിവാദങ്ങൾക്കു വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്.
തൃശൂർ മണ്ഡലത്തിൽ ഇത്തവണ വനിതാസ്ഥാനാർഥിയെ ഇറക്കാനാണ് നീക്കം. സിറ്റിംഗ് എംഎൽഎ പി. ബാലചന്ദ്രൻ ഒഴിവാക്കപ്പെട്ടേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനാണ് ഇവിടെ മുൻഗണന.
കോർപറേഷൻ മുൻ കൗൺസിലർ സാറാമ്മ റോബ്സന്റെ പേരും പരിഗണനയിലുണ്ട്. വനിതകളല്ലെങ്കിൽ ഒരു ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു. അതേസമയം, വി.എസ്. സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം പ്രവർത്തകർക്കിടയിലുണ്ട്.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്നലെ പാർട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ചേർന്നിരുന്നു. സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.