ന്യൂഡൽഹി: സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ലോക്സഭ ഇന്നു പരിഗണിക്കും. രാവിലെ 11ന് സഭ ചേർന്നു മരിച്ച എംപിമാർക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മണിക്കൂർ നേരത്തേക്കു പിരിഞ്ഞശേഷമായിരിക്കും അവിശ്വാസപ്രമേയം പരിഗണിക്കുക.
പ്രമേയം ചർച്ചയ്ക്കെടുക്കുന്പോൾ ഓം ബിർള സ്പീക്കറുടെ കസേരയിലിരിക്കാതെ എംപിമാർക്കൊപ്പമായിരിക്കും ഇരിക്കുക. സ്പീക്കർ പാനലിൽ ഉൾപ്പെട്ട മുതിർന്ന എംപിമാരിൽ ആരെങ്കിലും നടപടികൾ നിയന്ത്രിക്കും. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
സ്പീക്കർക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടീസിൽ ഒപ്പിടാൻ വിസമ്മതിച്ച തൃണമൂൽ കോണ്ഗ്രസ് പ്രമേയത്തെ അനുകൂലിക്കുമെന്ന് അറിയിച്ചതോടെ തങ്ങൾക്കിടയിലെ ഐക്യം വ്യക്തമാക്കാൻ പ്രതിപക്ഷം സംഭവവികാസങ്ങളെ ഉപയോഗിക്കും. കൂടാതെ പ്രമേയത്തിനുള്ള ചർച്ചയിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കാനും പ്രതിപക്ഷം ശ്രമിക്കും.
ജനുവരി 28ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പ്രതിപക്ഷബഹളത്തിൽ പൂർണമായും സ്തംഭിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷം, എപ്സ്റ്റീൻ ഫയൽ, ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിൽ ബജറ്റിന്റെ രണ്ടാംഘട്ട സമ്മേളനവും പ്രക്ഷുബ്ധമാകും.
ഇന്ന് ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും വിവിധ മന്ത്രാലയങ്ങൾക്കുള്ള ഗ്രാന്റുകൾ ചർച്ച ചെയ്തു പാസാക്കും. ഇതോടൊപ്പം നിർണായകമായ ഒരു ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷകക്ഷികളുടെ യോഗം രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നടക്കും. സമ്മേളനത്തിന്റെ ആദ്യദിനങ്ങളിൽ ഹാജരാകണമെന്നാവശ്യപ്പെട്ടു ബിജെപിയും കോണ്ഗ്രസും തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.