ഇരവിപേരൂർ: നവോത്ഥാന വിചാരങ്ങളെ വർഗീയതയുടെ നിലയിലേയ്ക്ക് തരംതാഴ്ത്തുന്നത് അതിന്റെ അന്തഃസത്തയെ തന്നെ ചോർത്തിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പൊയ്കയിൽ ശ്രീകുമാരഗുരുവിന്റെ 148-ാമത് ജന്മദിനാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വർഗീയ ചിന്താഗതികൾ മതനിരപേക്ഷ ചിന്തയെ ഇത് പിന്നോട്ടടിപ്പിക്കും. സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിലോമ സമീപനങ്ങളെ ഒറ്റക്കെട്ടായിനിന്ന് ചെറുത്തു തോൽപിക്കണം. കേരളീയ നവോത്ഥാനത്തെ സമരോത്സുകമാക്കിയവരിൽ പ്രഥമ സ്ഥാനത്തുള്ള വ്യക്തിത്വമാണ് പൊയ്കയിൽ ശ്രീ കുമാരഗുരുവെന്നും അദ്ദേഹം പറഞ്ഞു.
ജാതി-ജന്മി ചൂഷണത്തിൽപ്പെട്ടു വലഞ്ഞവരെ ഭൗതികമായും ഉണർത്തുന്നതിന് അദ്ദേഹത്തിന് സാധിച്ചു. നല്ല വസ്ത്രം ധരിക്കാനും നല്ല ഭക്ഷണം കഴിക്കാനും പൊതുവഴിയിലൂടെ നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അദ്ദേഹം അവരെ പ്രാപ്തരാക്കി. സവർണാധിപത്യ നിലപാടുകൾക്കെതിരേമ്യമെങ്കിലും തീക്ഷ്ണമായ ശബ്ദത്തിൽ അദ്ദേഹം പ്രതികരിച്ചു.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും കോളനിവത്കരണ വിരുദ്ധ പോരാട്ടത്തിനും കുമാരഗുരു നേതൃത്വം നൽകിയെന്നത് പുതുതലമുറയ്ക്ക് വേണ്ടത്ര അറിയാൻ ഇടയില്ല. ഒന്നാംലോക മഹായുദ്ധകാലത്ത് നൂറുകണക്കിന് ദളിതരെ പങ്കെടുപ്പിച്ച് അദ്ദേഹം നടത്തിയ സമാധാനജാഥ എടുത്തുപറയേണ്ട ഒന്നാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ സ്വാതന്ത്ര്യജാഥ കേരള ചരിത്രത്തിന്റെ ഭാഗമാണ്. സ്വന്തം സമുദായത്തെ അടിമത്വത്തിൽനിന്നും മോചിപ്പിക്കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം.
മനുഷ്യരാശിയെ മുഴുവൻ മാനവികതയിലേക്ക് വികസിപ്പിക്കുകയെന്ന വിശാല കാഴ്ചപ്പാടായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.