തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു മുന്നണിയിലുള്ള കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം എൽഡിഎഫിൽ തുടരുമെന്നാണ് പറയുന്നത്. അവർ മുന്നണി വിടാൻ താത്പര്യം പ്രകടിപ്പിച്ചാൽ മാത്രമേ യുഡിഎഫിൽ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാർട്ടികളെ ചാക്കിട്ട് പിടിക്കാനല്ല. മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ അദ്ദേഹം സ്വാഗതം ചെയ്തു.
അധികാരമോഹം കൊണ്ടല്ല, പാർട്ടിയിലെ അവഗണനയും പ്രശ്നങ്ങളും കാരണമാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.