ആലപ്പുഴ: ചരിത്രത്തിന് സമകാലികതയുമായി ബന്ധമില്ലെങ്കിൽ പലതും സമൂഹത്തിൽനിന്ന് മാഞ്ഞുപോകുമെന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ ഡോ. സി. ഗണേഷ്. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നാടോടി സംസ്കാരം പെരുമയും പ്രമാണവും എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിസ്റ്റർ ഉഷ അധ്യക്ഷത വഹിച്ചു. ഡോ. എസ്. അജയകുമാർ, ഡോ. പി.എസ്. ജ്യോതിലക്ഷ്മി, ഡോ. ഷാരൺ ഡിക്കൂന, ഫാത്തിമ ജാബിർ, ഡോ. റെജിമോൾ ജോസ്, ഡോ. വി. ബ്ലെസി, പി.എ. ലാൽസൺ, ഡോ. സിന്ധു അന്തർജനം എന്നിവർ പ്രസംഗിച്ചു.
സെന്റ് ജോസഫ്സ് കോളജ് ഫോർ വിമെൻ ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെന്റർ സംസ്കൃതിയുടെ ഉദ്ഘാടനവും ഡോ. സി. ഗണേഷ് നിർവഹിച്ചു. തുടർന്ന് തെയ്യത്തിന്റെ അവതരണവും പുസ്തക പ്രദർശനവും നാട്ടുഭക്ഷണ പ്രദർശനവും നടന്നു. സിനിമ, ഡോക്യൂമെന്ററി പ്രദർശനം, നാടൻപാട്ട് എന്നിവയും ദേശീയ സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇന്നു രാവിലെ 10 മുതൽ ജോബിൻ ചാമക്കാല, സ്റ്റാർലെറ്റ് മാത്യു, ടി.ആർ. ശ്രീലക്ഷ്മി തുടങ്ങയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.