വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടം ഫെഡറൽ തലത്തിൽ വധശിക്ഷ നടപ്പാക്കാൻ പുതിയ മാർഗങ്ങൾ ആലോചിക്കുന്നു.
ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വെടിവയ്ക്കൽ, വൈദ്യുതാഘാതം ഏൽപ്പിൽ, വിഷവാതകം ശ്വസിപ്പിക്കൽ എന്നീ മാർഗങ്ങൾ വധശിക്ഷയ്ക്കു പരിഗണിക്കാവുന്നതാണെന്നു ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് ശിപാർശ ചെയ്തു.
നിലവിൽ വിഷം കുത്തിവച്ചാണു വധശിക്ഷ നടപ്പാക്കുന്നത്. വിഷം ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്താണു പുതിയ മാർഗങ്ങൾ പരിഗണിക്കുന്നത്.
അമേരിക്കയിൽ സംസ്ഥാനങ്ങളാണ് പൊതുവേ വധശിക്ഷ നടപ്പാക്കാറുള്ളത്. സംസ്ഥാനങ്ങളിലെ നിയമപ്രകാരം ആയിരിക്കും ഇത്. ഫെഡറൽ തലത്തിൽ വധശിക്ഷ പുനഃസ്ഥാപിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
ട്രംപിന്റെ ഒന്നാം ഭരണം അവസാനിച്ച 2021ൽ ഫെഡറൽ തലത്തിൽ വധശിക്ഷ പുനഃസ്ഥാപിക്കുകയും 13 പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രസിഡന്റായ ജോ ബൈഡൻ ഫെഡറൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ട്രംപ് വീണ്ടും അധികാരത്തിലേറിയപ്പോൾ മോറട്ടോറിയം റദ്ദാക്കിയിരുന്നു.