ന്യൂഡൽഹി: മൈക്രോസോഫ്റ്റിൽ നിന്നുള്ള അടുത്ത തലമുറ ഗെയിമിംഗ് കോൺസോളായ 'പ്രൊജക്റ്റ് ഹെലിക്സ്' (Project Helix) 2028ലെ ക്രിസ്മസ് സീസണിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. എക്സ്ബോക്സ് സിഇഒ ആശ ശർമയെക്കുറിച്ചുള്ള 'ഫോർച്യൂൺ' മാധ്യമത്തിന്റെ പ്രൊഫൈലിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിലും വലിയൊരു വാർത്ത പുതിയ കോൺസോളിന്റെ റിക്കാർഡ് വിലയെകുറിച്ചാണ്.
പുതിയ കോൺസോളിന് 1,200 ഡോളർ മുതൽ 1,800 ഡോളർ വരെ വില വന്നേക്കാം (ഏകദേശം 1 ലക്ഷം രൂപ മുതൽ 1.5 ലക്ഷം രൂപ വരെ). നിലവിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തരംഗവും ഇതിനായി ഉപയോഗിക്കുന്ന അത്യാധുനിക ഹാർഡ്വെയർ ഘടകങ്ങളുടെ ഉയർന്ന നിർമാണച്ചെലവുമാണ് വില ഇത്രയധികം ഉയരാൻ കാരണം. എക്സ്ബോക്സ്, പിസി ഗെയിമുകൾ ഒരുപോലെ സുഗമമായി കളിക്കാൻ കഴിയുന്ന ഒരു ഹൈബ്രിഡ് ഡിവൈസ് ആയിട്ടാണ് ഇത് രൂപകൽപ്പന ചെയ്യുന്നത്.
പ്രൊജക്റ്റ് ഹെലിക്സ് പുറത്തിറങ്ങുന്നതിന് മുൻപ്, 2027ലെ ക്രിസ്മസ് സീസണിൽ മൈക്രോസോഫ്റ്റ് ഒരു പുതിയ പോർട്ടബിൾ എക്സ്ബോക്സ് ഹാൻഡ്ഹെൽഡ് ഉപകരണം പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്. ഗെയിമർമാർക്ക് യാത്രകളിൽ കോൺസോൾ അനുഭവം നൽകുന്നതിനായി ആസൂസ് പോലുള്ള തേർഡ് പാർട്ടി നിർമാതാക്കളുമായി സഹകരിച്ചാണ് ഈ പോർട്ടബിൾ സിസ്റ്റങ്ങൾ നിർമിക്കുന്നത്.
ഗെയിം പാസ് സോഫ്റ്റ്വെയറിൽ വലിയ മാറ്റങ്ങൾ വരുത്താൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ മാത്രം തെരഞ്ഞെടുക്കാൻ കഴിയുന്ന 'ആ ലാ കാർട്ട്' ടയേർഡ് മോഡലിലേക്ക് ഗെയിം പാസ് മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.