തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നിയമസഭാംഗങ്ങൾക്കൊപ്പം ഘടകകക്ഷികളുടെ അഭിപ്രായവും തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നതിനിടെയാണ് ഘടകകക്ഷികളുടെ അഭിപ്രായംകൂടി തേടിയശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാൽ മതിയെന്ന ഹൈക്കമാൻഡ് തീരുമാനം.
പലതവണ അന്ത്യശാസനം നൽകിയിട്ടും മുഖ്യമന്ത്രിപ്പോര് പരസ്യമായി തുടരുന്നതിലെ അതൃപ്തി ഘടകകക്ഷി നേതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പുഫലം വന്നശേഷം ഘടകകക്ഷികളുടെ അഭിപ്രായവും ഇക്കാര്യത്തിൽ തേടുമെന്ന ഉറപ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിൽനിന്ന് ഘടകകക്ഷി നേതാക്കൾക്കു ലഭിച്ചത്.
യുഡിഎഫിലെ നിർണായക സ്വാധീനമുള്ള ഘടകകക്ഷികളാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും. രാഹുൽ ഗാന്ധി മുമ്പ് മത്സരിച്ചതും ഇപ്പോൾ പ്രിയങ്കാ ഗാന്ധി പ്രതിനിധികരിക്കുന്നതുമായ വയനാട് ലോക്സഭാ മണ്ഡലമടക്കം മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇതു രാഹുൽ ഗാന്ധിക്ക് വിസ്മരിക്കാനാകില്ല. ഇതോടൊപ്പം മധ്യകേരളത്തിലെ സ്വാധീനശക്തിയാണ് കേരള കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പു മുഖ്യമന്ത്രിസ്ഥാനാർഥിയെച്ചൊല്ലിയുള്ള തമ്മിലടിയിലെ അതൃപ്തി ഘടകകക്ഷികൾ തുറന്നുപറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് ചോദിച്ചാൽ അഭിപ്രായം പറയുമെന്നാണ് ഘടകകക്ഷി നേതാക്കൾ പറയുന്നത്.
സമൂഹമാധ്യമങ്ങൾ വഴി അടക്കം നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ കഴിഞ്ഞയാഴ്ച ഹൈക്കമാൻഡ് നിർദേശ പ്രകാരം കെപിസിസി വിലക്കിയിരുന്നു.
എന്നാൽ, വിലക്കു മറികടന്ന് ഡോക്യുമെന്ററികളും പരസ്യ ഫീച്ചറുകളും വഴി നേതാക്കളെ ഉയർത്തിക്കാട്ടാനുള്ള നീക്കം വീണ്ടും സജീവമാക്കിയിരുന്നു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിനും കടുത്ത നീരസമുണ്ട്. ചില മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തുന്നതിലെ അതൃപ്തി ഘടകകക്ഷി നേതാക്കൾ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രധാനമായി ഉയരുന്നത്.