ന്യൂഡൽഹി: യുപിഐ ഉൾപ്പെടെ ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ നികുതി ചുമത്തില്ലെന്നും ഉപയോക്താക്കൾക്ക് ഈ സേവനം സൗജന്യമായിത്തന്നെ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമന്റെ ഉറപ്പോടെ നികുതിയും മറ്റു നിയമങ്ങളും (ഭേദഗതി) ബിൽ പാർലമെന്റ് കടന്നു. കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയ ബില്ല് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കും ധനമന്ത്രിയുടെ മറുപടിക്കുംശേഷം ശബ്ദവോട്ടോടെയാണു പാസാക്കിയത്.
യുപിഐ ഇടപാടുകൾ ആരംഭിച്ചതുമുതൽ സൗജന്യമാണെന്നും ഇനിയും യാതൊരുവിധ ചാർജുകളുമില്ലാതെ ഇന്ത്യൻ ജനതയ്ക്ക് ഡിജിറ്റൽ ഇടപാടുകൾ നടത്താമെന്നും ബില്ലിലെ ചർച്ചയ്ക്കുശേഷമുള്ള മറുപടിപ്രസംഗത്തിൽ ധനമന്ത്രി ഉറപ്പുനൽകി.
എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ) ബാധകമാകുന്നത് വ്യാപാരികൾക്കു മാത്രമാണെന്നും ഉപഭോക്താക്കൾക്കോ കസ്റ്റമർമാർക്കോ അതിൽ യാതൊരു ബാധ്യതയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ലോക്സഭ വിഷയം പരിഗണിച്ചപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ബില്ലിൽ ചർച്ച നടന്നിരുന്നില്ല.
ആശങ്കയിലേക്കു നയിച്ച വ്യവസ്ഥ
പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടും ആദായനികുതി ആക്ടും തമ്മിലുള്ള ബന്ധം ഒഴിവാക്കാനും യുപിഐ, റൂപേ കാർഡ് ഇടപാടുകളിലെ സീറോ എംഡിആർ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാരിനു നിയമപരമായ അധികാരം നൽകാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഇതാണ് ആശങ്കയ്ക്കു വഴിവച്ചത്. നേരത്തെ പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10എ പ്രകാരം, ഇലക്ട്രോണിക് പേമെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളിൽനിന്നോ വ്യാപാരികളിൽനിന്നോ ബാങ്കുകളും പേമെന്റ് സർവീസ് പ്രൊവൈഡർമാരും നിരക്കുകൾ ഈടാക്കുന്നത് കർശനമായി വിലക്കിയിരുന്നു.
ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ, എംഡിആർ ചാർജ് ഏർപ്പെടുത്തണമെന്ന് ബാങ്കുകൾ സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടതോടെയാണു സർക്കാർ ഭേദഗതിയുമായി എത്തിയത്.
മന്ത്രിയുടെ ഉറപ്പിൽ
സംശയമെന്നു
കോൺഗ്രസ്
എന്നാൽ, ധനമന്ത്രി ഉറപ്പു നൽകുന്നുണ്ടെങ്കിലും ഇതിന്റെ ഭാരം ഒടുവിൽ സാധാരണക്കാരുടെ മേൽ വന്നുചേരുമെന്നും ആളുകൾക്ക് ഇനി യുപിഐ ഉപയോഗിക്കുന്നതിനുപോലും പണം നൽകേണ്ടിവന്നേക്കാമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.