മുക്കം: കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും അകക്കണ്ണുകൊണ്ട് മൂന്ന് കുരുന്നുകളുടെ വേദനയും നിസഹായാവസ്ഥയും തിരിച്ചറിഞ്ഞ് കാരുണ്യത്തിന്റെ വേറിട്ട മാതൃക തീർത്തിരിക്കുകയാണ് കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി സ്വദേശി സുരേഷ്. എസ്എംഎ ബാധിച്ച് ചികിത്സയ്ക്കായി സഹായം കാത്തിരിക്കുന്ന മൂന്ന് കുഞ്ഞുങ്ങൾക്കായി തെരുവുകളിൽ പാട്ടുപാടി സമാഹരിച്ച 20,000 രൂപയാണ് സുരേഷ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്.
സ്വന്തം കുടുംബത്തിന്റെ അന്നത്തിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും പാട്ടുപാടി ഉപജീവനം കണ്ടെത്തുന്നയാളാണ് സുരേഷ്. സമൂഹമാധ്യമങ്ങളിലൂടെയും മക്കൾ പറഞ്ഞുമാണ് എസ്എംഎ ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ ആവശ്യവും കുടുംബങ്ങളുടെ പ്രയാസങ്ങളും സുരേഷ് അറിഞ്ഞത്. കാഴ്ചയുടെ പരിമിതികൾക്കിടയിലും ആ കുഞ്ഞുങ്ങളുടെ വേദന മനസിൽ തൊട്ടതോടെ അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം സുരേഷിലുണ്ടായി.
അങ്ങനെയാണ് തന്റെ ഉപജീവനമാർഗമായ പാട്ടിനെത്തന്നെ കാരുണ്യപ്രവർത്തനത്തിനുള്ള ഉപാധിയാക്കിയത്. സുഹൃത്തായ എം.ബി. നസീറിന്റെ സഹായത്തോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് സുരേഷ് പാട്ടുപാടി.
നാട്ടുകാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച സഹായം സമാഹരിച്ച് 20,000 രൂപയോളം കണ്ടെത്തി. തുടർന്ന് ചികിത്സാ സഹായ കമ്മിറ്റി ഓഫീസിലെത്തി തുക ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു.