ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോണ്‍സംഭാഷണത്തിൽ യുഎസ് വ്യവസായി എലോണ്‍ മസ്കും പങ്കെടുത്തുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം.
സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായി കഴിഞ്ഞ 24ന് ഇരുനേതാക്കളും നടത്തിയ ആദ്യ ഫോണ്‍സംഭാഷണത്തിൽ മസ്ക് പങ്കെടുത്തുവെന്ന് അമേരിക്കൻ ദിനപത്രമായ ന്യൂയോർക്ക് ടൈംസാണു റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യൻ സാഹചര്യം വിശദമാക്കാൻ ഇരുനേതാക്കൾ മാത്രം പങ്കെടുത്ത ഫോണ്‍ സംഭാഷണമാണു നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവം അമേരിക്കൻ മാധ്യമമാണു റിപ്പോർട്ട് ചെയ്തതെന്നും അതിനാൽ ഇന്ത്യ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ ആദ്യ പ്രതികരണം.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ വിശദീകരണത്തിന് അമേരിക്കൻ എംബസിയെയോ വൈറ്റ് ഹൗസിനെയോ ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയം ഇന്ത്യയിൽ വാർത്തയായതോടെ കോണ്‍ഗ്രസ് ഉൾപ്പെടെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നു. ഇതോടെയാണ് വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം എത്തിയത്.
ഫോണ്‍ സംഭാഷണത്തിൽ മസ്കും പങ്കെടുത്തുവെന്ന് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചുവെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. എന്നാൽ എന്തു വിഷയമാണു സംസാരിച്ചതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ചയാണ് ന്യൂയോർക്ക് ടൈംസ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതേസമയം ഹോർമുസ് കടലിടുക്ക് തുറക്കുന്നതും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം എത്രയും വേഗം ലഘൂകരിക്കുന്നതിനും ഇന്ത്യ പൂർണ പിന്തുണ നൽകുന്നതായി ഫോണ്‍ സംഭാഷണത്തിൽ ട്രംപിനെ അറിയിച്ചതായി മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.
മസ്കിന്റെ സാന്നിധ്യത്തെ സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ഫലപ്രദമായ സംഭാഷണമാണു നടന്നതെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
രണ്ടു രാജ്യങ്ങളുടെ തലവന്മാർ സംബന്ധിക്കുന്ന ഫോണ്‍സംഭാഷണത്തിൽ ഔദ്യോഗിക പദവികളില്ലാത്ത സ്വകാര്യ വ്യക്തികൾ പങ്കെടുക്കുന്നതിന് അനുവാദം ഉണ്ടാകാറില്ല. എന്നാൽ ട്രംപുമായുള്ള ഫോണ്‍സംഭാഷണത്തിൽ ഇതു ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.