ബാർസലോണ: ഹൃദയത്തെ കഠിനമാക്കുന്ന പടച്ചട്ട പരിശുദ്ധ കന്യാമാതാവിന്റെ കാല്ക്കൽ അടിയറവയ്ക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. സ്പെയിനിലെ മോൺസെറാത്തിൽ പരിശുദ്ധ കന്യാമാതാവിന്റെ പേരിലുള്ള പുരാതന സന്യാസാ ശ്രമം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മോൺസെറാത്ത് ബസിലിക്ക എന്നറിയിപ്പെടുന്ന ആശ്രമത്തിൽ സ്ഥാപിച്ചിരിക്കുന്ന 12-ാം നൂറ്റാണ്ടിലെ പരിശുദ്ധ കന്യാമാതാവിന്റെ ചിത്രത്തിനു (മോൺസെറാത്ത് മാതാവ്) മുന്നിൽ മാർപാപ്പ ജപമാലയർപ്പിച്ചു.
ഹൃദയങ്ങളെ പരിവർത്തനം ചെയ്യാൻ പരിശുദ്ധ മാതാവിനുള്ള കഴിവ് മാർപാപ്പ എടുത്തുപറഞ്ഞു. മോൺസെറാത്ത് ആശ്രമത്തിൽ ഒരു രാത്രി പ്രാർഥനയിൽ മുഴുകിയ വിശുദ്ധ ഇഗ്നേഷ്യസ് ലയോള ആയുധവും പടച്ചട്ടയും ഉപേക്ഷിച്ച് ആധ്യാത്മികതയിലേക്കു തിരിഞ്ഞത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർപാപ്പയെ സ്വീകരിക്കാനായി മലനിരയിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിലും പരിസരത്തുമായി ഏഴായിരം പേർ കാത്തുനിന്നിരുന്നു. ബനഡിക്ടൈൻ സന്യാസിമാരുടെ ഉടമസ്ഥതയിലുള്ള ആശ്രമം സ്ഥാപിക്കപ്പെട്ടതിന്റെ ആയിരാമത് വാർഷികം കഴിഞ്ഞ വർഷം ആഘോഷിച്ചിരുന്നു.
മോൺസെറാത്തിൽനിന്ന് ബാഴ്സലോണയിൽ തിരിച്ചെത്തിയ മാർപാപ്പ തുടർന്ന് നഗരത്തിലെ തിരുക്കുടുംബ (സഗ്രാദാ ഫമീലിയ) ദേവാലയത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളിഗോപുരമായ ‘ഈശോയുടെ ഗോപുരം’ ആശീർവദിച്ചു. സ്പാനിഷ് പര്യടനം അവസാനിപ്പിച്ച് മാർപാപ്പ വെള്ളിയാഴ്ച വത്തിക്കാനിലേക്കു മടങ്ങും.