ന്യൂഡൽഹി: യുറേനിയം വിതരണത്തിലെ സഹകരണം സംബന്ധിച്ചുള്ള സുപ്രധാന കരാറിൽ ഇന്ത്യയും കാനഡയും ഒപ്പുവച്ചു. രാജ്യത്തിന്റെ ആണവോർജ പദ്ധതിയിൽ ദീർഘകാലത്തേക്ക് ഇന്ധന വിതരണം ഉറപ്പ് നൽകുന്ന 260 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവച്ചത്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി കാനഡയുമായുള്ള ഉഭയകക്ഷി വ്യാപാരകരാർ ഈ വർഷാവസാനത്തോടെ അന്തിമമാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഖലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകംമൂലം ഉലഞ്ഞുനിന്നിരുന്ന ഇന്ത്യ-കാനഡ ബന്ധത്തിനു പുതുശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ നടത്തിയ ചർച്ചകൾക്കുശേഷമുണ്ടായിട്ടുള്ളത്.
ആണവോർജമേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ യുറേനിയം ഉത്പാദക രാജ്യവുമായുള്ള കരാർ നിർണായകമാണ്. കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന പ്രസ്താവന അനുസരിച്ച് 2027 മുതൽ 2035 വരെയുള്ള കാലയളവിലേക്ക് ആണവോർജം ഉത്പാദിപ്പിക്കുന്നതിനായി ഏകദേശം 2.2 കോടി പൗണ്ട് യുറേനിയം ഇന്ത്യക്ക് വിതരണം ചെയ്യുന്നതിനായി കനേഡിയൻ കന്പനിയായ കമെകോ കോർപ്പേഷനുമായാണ് ഇന്ത്യ കരാറൊപ്പിട്ടിരിക്കുന്നത്.
ആണവോർജം കൂടാതെ നിർണായക ധാതുക്കളിലും ഊർജ സ്രോതസുകളിലും സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലായിട്ടുണ്ട്. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽനിന്ന് (ഐഎസ്എ) അടുത്തിടെ അമേരിക്ക പിന്മാറിയെങ്കിലും കാനഡ സഖ്യത്തിൽ ഭാഗഭാക്കാകുമെന്ന് പ്രഖ്യാപിച്ചതാണ് മാർക്ക് കാർണി-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുണ്ടായ മറ്റൊരു നിർണായക സംഭവം.
കാനഡയുമായുള്ള ഉഭയകക്ഷി വ്യാപാരം സാധ്യമാക്കുന്ന സമഗ്ര വ്യാപാര പങ്കാളിത്ത കരാറിന്റെ (സിഇപിഎ) ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. കാനഡയുമായുള്ള സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്ന കരാർ ഈ വർഷാവസാനത്തോടെ അന്തിമമാക്കുന്നതിനോടൊപ്പം വ്യാപാരം 2030ഓടെ 5000 കോടി ഡോളറിലേക്ക് ഉയർത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിനോടൊപ്പം സമുദ്ര സുരക്ഷ ഉൾപ്പെടെയുള്ളവയിൽ സൈനിക സഹകരണവും നിയമനിർവഹണത്തിലും സുരക്ഷയിലും ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും ഇന്ത്യയും കാനഡയും തമ്മിൽ ധാരണയായിട്ടുണ്ട്.
പ്രഫഷണലുകൾക്ക് നേട്ടം
ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ സ്റ്റഡി പെർമിറ്റുകൾ നൽകുന്നത് 2024നെ അപേക്ഷിച്ചു 2025ൽ പകുതിയോളമായി കുറഞ്ഞെങ്കിലും വിദ്യാഭ്യാസരംഗത്തെ ഗവേഷകർക്ക് കാനഡയിലേക്ക് വാതിൽ തുറന്നിടുന്ന പ്രഖ്യാപനങ്ങളുണ്ട്. പുതിയ കാനഡ-ഇന്ത്യ ടാലന്റ് ആൻഡ് ഇനോവേഷൻ സ്ട്രാറ്റജി പ്രകാരം കാനഡ-ഇന്ത്യൻ സർവകലാശാലകളുമായി 13 പങ്കാളിത്ത കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ ഐടി സർവീസസ് കന്പനിയായ എച്ച്സിഎൽ ടെക്നോളജീസിന് കാനഡയിലെ അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അനുമതിയായിട്ടുണ്ട്. 2030ഓടെ കാനഡയിലെ എച്ച്സിഎല്ലിന്റെ ജീവനക്കാരുടെ എണ്ണം 75 ശതമാനത്തോളം വർധിക്കാനും ഉയർന്ന വേതനം ലഭിക്കുന്ന ആയിരത്തോളം കരിയറുകൾ സൃഷ്ടിക്കാനും ഇത് കാരണമാകും.