തലയിൽവീഴാതെ സൂക്ഷിച്ചോ..!
ചമ്പക്കുളം: റോഡ് വക്കിലെ വലിയ മരങ്ങളെല്ലാം പിടിയിലാക്കി നീർക്കാക്കകൾ. ഇങ്ങനെ പോയാൽ പല പ്രദേശങ്ങളും ഇവയ്ക്ക് വേണ്ടി മനുഷ്യൻ ഒഴിഞ്ഞു കൊടുക്കേണ്ടിവരുമോ എന്ന പേടിയിലാണ് നാട്ടുകാരിൽ പലരും. രാത്രിയോ പകലോ അറിഞ്ഞോ അറിയാതെയോ മരത്തണലിൽ നിന്നാൽ വാഹനമെന്നോ മനുഷ്യനെന്നോ വ്യത്യാസമില്ലാതെ പക്ഷിക്കാഷ് ഠം ശരീരത്തിലും വാഹനത്തിലും വീഴുമെന്ന കാര്യം ഉറപ്പ്. ആലപ്പുഴ പട്ടണത്തിലെ ഒട്ടുമിക്ക ഉയർന്ന മരങ്ങളും ഇവയുടെ പിടിയിലാണ്.
ആലപ്പുഴ നഗരസഭാ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള മരങ്ങളിൽ ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠം യാത്രക്കാരുടെ മേൽ വീഴുന്നത് ഒരു പുതുമ അല്ലാതായിരിക്കുന്നു. അസഹ്യമായ ദുർഗന്ധം സഹിച്ചാണ് ആളുകൾ ഇതുവഴി യാത്ര ചെയ്യുന്നത്.
അലപ്പുഴയിലെ കനാലുകളുടെ ഇരുകരകളിലുമുള്ള ഒട്ടുമിക്ക വലിയ മരങ്ങളും ഈ പക്ഷികളുടെ പിടിയിലാണ്. ഇവയ്ക്ക്സമീപം കട നടത്തിയിരുന്ന പലരും കച്ചവടം മതിയാക്കി പോയിക്കഴിഞ്ഞു.
ആലപ്പുഴ- ചങ്ങനാശേരി റോഡിന് വശത്തുണ്ടായിരുന്ന മിക്ക മരങ്ങളും റോഡ് പുനർനിർമാണത്തോടനുബന്ധി ച്ച് വെട്ടിക്കളഞ്ഞിരുന്നു. രാമങ്കരി ഭാഗത്തെ മിക്ക മരങ്ങളും നീർക്കാക്കകൾ കൈയ്യടക്കിയിരിക്കുകയാണ്. കൊടിയ വെയിലിന് അല്പം ആശ്വാസം തേടി ഈ മരങ്ങളുടെ തണലിൽ അഭയം തേടാനോ മഴക്കാലത്ത് ഈ മരങ്ങൾക്ക് അടിയിലൂടെ നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്. സമീപവാസികൾ നാളുകളായി അസഹ്യമായ ദുർഗന്ധം സഹിച്ചു ജീവിക്കേണ്ട സാഹചര്യമാണ് ഇവിടെ എല്ലാം നിലനില്ക്കുന്നത്.
മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിൽ മുങ്ങി ആഹാരം തേടുന്ന, മത്സ്യത്തെയും ചെറു ജലജീവികളെയും ആഹാരമാക്കുന്ന പക്ഷി വർഗങ്ങളാണ് ഈ മരങ്ങളിൽ ചേക്കേറുന്നത്. ഇവയുടെ വിസർജ്യത്തിന് അതിയായ ദുർഗന്ധമാണെന്ന് സമീപവാസികൾ പറയുന്നു. ഇത് പല തരത്തിലുള്ള അലർജി രോഗങ്ങൾക്കും കാരണമാകുണ്ടെങ്കിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ആരോഗ്യ പ്രവർത്തകരുടെയോ ഭരണകൂടത്തിന്റെയോ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല.
പക്ഷികളും മ്യഗങ്ങളും എല്ലാം പ്രകൃതിയുടെ ഭാഗമാണെങ്കിലും, തെരുവുനായ്ക്കളും ഇപ്രകാരം ജീവിതം ദുരിതമാക്കുന്ന പക്ഷിക്കൂട്ടങ്ങളും ജീവിതത്തെ മാറ്റിമറിക്കുമ്പോൾ മനുഷ്യനും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന കാര്യം അധികാരികൾ മറക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്.