കൊച്ചി: കേരളത്തിന്റെ വ്യവസായ സാധ്യതകള്‍ ആഗോള നിക്ഷേപകരുടെ മുന്നിലെത്തിക്കുകയും വിദേശനിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിന് യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നിക്ഷേപ റോഡ്ഷോകളും ബിസിനസ് സംവാദങ്ങളും സംഘടിപ്പിക്കാന്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇന്‍മെക്ക് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. ഇന്‍മെക്ക് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീനും സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്കുമാര്‍ മധുസൂദനനും പ്രതിനിധിസംഘത്തെ നയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജിസിസി രാജ്യങ്ങളിലെയും സജീവ ചാപ്റ്ററുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി കേരളത്തെയും നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും പ്രവാസി ഇന്ത്യന്‍ സമൂഹത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പാലമായി പ്രവര്‍ത്തിക്കാന്‍ ഇന്‍മെക്ക് സന്നദ്ധമാണെന്നു പ്രതിനിധിസംഘം അറിയിച്ചു.
നിക്ഷേപ റോഡ് ഷോകള്‍, ബിസിനസ് പ്രതിനിധിസംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍, ബി2ബി കൂടിക്കാഴ്ചകള്‍, നിക്ഷേപക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഇന്‍മെക്ക് തയാറാണെന്നും കേരളത്തിന്റെ നിക്ഷേപസാധ്യതകള്‍ പ്രചരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ദുബായും മറ്റ് ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കണമെന്ന ക്ഷണവും നല്കി.