ചാത്തന്നൂർ:ദേശീയപാത വികസനത്തിന്റെ ഭാഗമായി കോൺക്രീറ്റ് സ്ലാബുകൾ അടുക്കി മണ്ണിട്ടുയർത്തി ഉയരപ്പാത നിർമിക്കുന്നതിനെതിരെ കൂടുതൽ സ്ഥലങ്ങളിലേയ്ക്കു സമരം വ്യാപിക്കുന്നു. പറക്കുളത്ത് നടന്നു വരുന്ന സമരം 18 ദിവസം പിന്നിട്ടു. കൊട്ടിയത്തും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സമരം നടന്നു വരികയാണ്.
ഉമയനല്ലൂരിലും സമരം ശക്തമായി തുടരുന്നു. അയത്തിലും മങ്ങാട്ടും ജനങ്ങൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു വരികയാണ്. എപ്പോഴും സമരം ആരംഭിക്കാമെന്ന സാഹചര്യമാണ്. ചാത്തന്നൂരിൽ സമരം ഉടൻ ആരംഭിക്കും. അതിനു മുന്നോടിയായി ഇന്ന് വൈകുന്നേരം ആറിനു ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമര പരിപാടികളെക്കുറിച്ചാലോചിക്കാൻ ജനകീയ സമ്മേളനം ചേരുന്നു.
പാരിപ്പള്ളിയും സമരത്തിന്റെ വക്കിലാണ്. പാരിപ്പള്ളി ഗണേശ് സ്മാരക ഗ്രന്ഥശാലയിൽ വച്ച് ഇന്ന് ഉച്ചകഴിഞ്ഞിനു മൂന്നിനു സമരത്തിന് മുന്നോടിയായി കർമ്മ സമിതി സമ്മേളനം ചേരും.
സമരം നടന്നു വരുന്ന പറക്കുളത്ത് റോഡ് മാർക്ക് ചെയ്യാനെത്തിയ തൊഴിലാളികളെ സമരക്കാർ തടഞ്ഞു.അവരെ തിരിച്ചയച്ചു. റോഡിന്റെ കാര്യത്തിൽ തീരുമാനമായിട്ടുമതി മാർക്ക് ചെയ്യുന്നത് എന്നാണ് സമരക്കാരുടെ നിലപാട്.
കേരളത്തിന്റെ കാലാവസ്ഥയും പരിസ്ഥിതിയും മണ്ണിന്റെ ഘടനയും മഴയുടെ അവസ്ഥയും ഒന്നും പരിഗണിക്കാതെയാണ് ദേശീയപാത അഥോറിറ്റി അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് നാട്ടുകാരുടെയും ജനകീയ കൂട്ടായ്മകളുടെയും ആക്ഷേപം.
മൈലക്കാട് ഉൾപ്പടെ കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മണ്ണിട്ട് ഉയർത്തിയ ഉയരപ്പാതകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് മൺ ഭിത്തി പാത നിർമാണരീതി നമ്മുടെ നാട്ടിനനുയോജ്യമല്ല എന്നു തെളിഞ്ഞിരിക്കയാണ്.
ഇതു കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും നാഷണൽഹൈവേ അഥോറിട്ടിയും തിരിച്ചറിഞ്ഞു തുണുകളിൽ പാത നിർമിക്കണമെന്നതാണ് ജനകീയ ആവശ്യം.
മൺഭിത്തി നിർമാണങ്ങളിലും വലിയ തോതിലുള്ള അപാകതകൾ കണ്ടെത്തിയിട്ടുണ്ടെന്നു ജനകീയ കൂട്ടായ്മകൾ അറിയിച്ചു. കോൺക്രീറ്റ് ഭിത്തികളിൽ പലയിടത്തും വിള്ളലുകൾ വീഴുകയും ഭിത്തികൾ പുറത്തേക്കു തള്ളി നിൽക്കുകയും ചിലയിടങ്ങളിൽ കോൺക്രീറ്റ് അടർന്നു വീഴുകയും ചെയ്യുന്നുണ്ട്. ഇത് എപ്പോഴും തകർന്നു വീഴാമെന്ന ഭീതിയും ആശങ്കയുമാണ് ജനങ്ങൾക്ക്.
രണ്ടര മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ഥലങ്ങളിൽ മണ്ണിട്ടു നികത്തിയ ഉയരപ്പാതകൾക്കു പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമിക്കണമെന്നാവശ്യപ്പെട്ടാണ് സമരങ്ങൾ നടക്കുന്നതും വ്യാപിക്കുന്നതും.