വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. പേവിഷ ബാധ സംശയിക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്തതോടെ ജനം വടിയെടുത്താണ് വീടിന് പുറത്തിറങ്ങുന്നത്. വല്ലകം തുറുവേലിക്കുന്നിന് സമീപം കളപ്പുരക്കൽ രാധിക-പവനൻ ദമ്പതികൾ വളർത്തിയ കറവയുള്ള പശുവാണ് കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചത്തത്. വീട്ടിൽ ആളില്ലാത്ത ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ കടിയേൽക്കുകയായിരുന്നു.
പിറ്റേന്ന് മുതൽ പശു നിർത്താതെ കരഞ്ഞതോടെ കുടുംബം മൃഗഡോക്ടറുടെ സഹായം തേടി. ഡോക്ടറുടെ പരിശോധനയിൽ പേവിഷബാധ സ്ഥിരീക്കുകയും പശുവിന് കുത്തിവയ്പ്പ് നൽകുകയും ചെയ്തു. എന്നാൽ അടത്ത ദിവസം ഉച്ചയോടെ പശു ചത്തു. ദിവസം 12 ലിറ്റർ പാൽ കറന്നിരുന്ന പശുവാണ് ചത്തത്.പശുവിന് ഒപ്പം നിന്നിരുന്ന കിടാവിനും കടിയേറ്റതായി സംശയമുണ്ടായെങ്കിലും ചികിത്സയിൽ കിടാവ് സുഖം പ്രാപിക്കുന്നതായി കുടുംബം പറഞ്ഞു. ഹൃദയസംബന്ധമായ ചികിത്സയിലുള്ള പവനനും വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് പരിക്കേറ്റു പണിയെടുക്കാനാകാത്ത സ്ഥിതിയിലായ രാധികയ്ക്കും മരുന്നിനും മറ്റുചെലവുകൾക്കും പശുവിൽ നിന്നുള്ള വരുമാനം വലിയ ആശ്വാസമായിരുന്നു.
ആദ്യ പ്രസവം നടന്ന് നാലുമാസം മാത്രമായ പശു ചത്തത് കുടുംബത്തിന് കടുത്ത പ്രഹരമായി. തെരുവുനായ്ക്കൾ കൂട്ടമായി വീട്ടുവളപ്പിലേക്ക് കുരച്ചെത്തുന്നത് ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തുകയാണെന്ന് രാധിക പറഞ്ഞു.
അതേസമയം പേയിളകി ചത്ത പശുവിനെ കടിച്ച തെരുവുനായയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുള്ളതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉദയനാപുരം പടിഞ്ഞാറേക്കര മല്ലാകേരിൽ ജോർജ് കുര്യന്റെ പശുവും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഉദയനാപുരം പഞ്ചായത്തിലെ കൊടിയാട്, വാഴമന തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ പൊതുജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തിയിരുന്നു. കൊടിയാട് തെക്കേ നി കർത്തിൽ ആശയുടെ കാളയടക്കം എട്ട് കന്നുകാലികളിൽ നാല് ചെന പശുക്കളും രണ്ട് വയസ് പ്രായമുള്ള പശുവും പേവിഷബാധയുള്ള നായയുടെ കടിയേറ്റ് ചത്തിരുന്നു. 15 വർഷമായി പശുവളർത്തി ഉപജീവനം നടത്തിവന്ന ആശയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്.
ഇവിടെ കന്നുകാലിക്ക് പുറമേ പ്രദേശവാസികളിൽ ചിലർക്കും നായയുടെ കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടിയെടുക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പ് നൽകും
ഉദയനാപുരം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രണ്ടു പശുക്കൾ തെരുവുനായ ആക്രമണത്തിൽ ചത്ത സാഹര്യത്തിൽ ഇന്നുമുതൽ തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരായ വാക്സിനേഷൻ ആരംഭിക്കും. നായ്ക്കളെ പിടികൂടുന്നതിൽ വിദഗ്ധ പരിശീലനം നേടിയ സംഘം നാട്ടുകാരുടെ സഹായത്തോടെ നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ആളൊഴിഞ്ഞ വീടുകളും വിജനമായ പറമ്പുകളും തെരുവുനായ്ക്കൾ താവളമാക്കുന്നു
വെള്ളപ്പൊക്കംമൂലം ആളൊഴിഞ്ഞ വീടുകളിലും വിജനമായ പറമ്പുകളിലും തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. പശുക്കളും ആടുകളും തെരുവ് നായ ആക്രമത്തിൽ ചത്തു. സ്കൂൾ വിദ്യാർഥികളുടെ നേർക്കും കൂട്ടമായെത്തുന്ന നായ്ക്കൾ കുരച്ച് ചാടുന്നു. പഞ്ചായത്തിലാകെ തെരുവ് നായ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. വടിയെടുത്താണ് പലരും വീടിന് പുറത്തിറങ്ങുന്നത്. തെരുവുനായ ശല്യത്തിന് അറുതിവരുത്താൻ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണം.
വി. ബിൻസ്, പഞ്ചായത്ത് അംഗം, ഉദയനാപുരം