കണ്ണൂർ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് പ്രിയങ്ക ഗാന്ധി എംപി. ശബരിമലയില്‍ നടന്നത് വൻ സ്വർണക്കൊള്ളയാണ്. എന്നാൽ പ്രധാനമന്ത്രി ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. ഇതെല്ലാം ഡീലിന്റെ തെളിവാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
പേരാവൂരിലെ യുഡിഎഫ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ഇഡി, ഇന്‍കം ടാക്സ്, സിബിഐ എന്നിവയെ ഉപയോഗിച്ച് കേസെടുക്കും. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് ആരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഞാൻ വയനാടിന്റെ എംപിയാണ്. നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എനിക്ക് അടുത്തറിയാം. നിങ്ങളോരോരുത്തരും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കഠിനപ്രയത്നം ചെയ്യുന്നവരാണ്.
കേരളത്തില്‍ ഒട്ടേറെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുണ്ട്. കേരളത്തിലെ വിദ്യാസമ്പന്നരായ പല ചെറുപ്പക്കാര്‍ക്കും ജോലിയില്ല. ഈ സാഹചര്യം മാറണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.