പനങ്ങാട്: വീട്ടിൽ പാചകം ചെയ്ത ഞണ്ടുകറി കഴിച്ചതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. യുവാവിന് ഞണ്ടുകറിയോട് അലർജിയുണ്ടായിരുന്നു.
നേരത്തെയും ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് എൽജിൻ ജൂഡിന് അലർജിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽ തയാറാക്കിയ ഞണ്ടുകറിയാണ് എൽജിൻ ജൂഡ് കഴിച്ചത്. ഇതിന് പിന്നാലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ജൂഡിനെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.