കേണിച്ചിറ: ഒരുപ്രതിഭയെ സംബന്ധിച്ചോളം വൈകല്യങ്ങള്‍ ഒരു തടസമല്ല.
40 ശതമാനത്തോളം കാഴ്ച വൈകല്യമുള്ള അഭിനന്ദ് കൃഷ്ണ ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ കാഴ്ചയുള്ളവര്‍ക്കുപോലും ചെയ്യാന്‍ സാധിക്കാത്തതാണ്. പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിനന്ദ് കൃഷ്ണ നിര്‍മിച്ച ഇന്ത്യയുടെ മെഗാ ഭൂപടം ഇപ്പോള്‍ വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കയാണ്.
ഇന്ത്യയുടെ ഭൂപടം നിര്‍മിക്കാനായി 36 ചാര്‍ട്ട് പേപ്പറുകള്‍ കൂട്ടിയോജിപ്പിച്ച് അഭിനന്ദ് കൃഷ്ണ വരച്ചെടുത്തതിന്റെ നീളം 4.21 മീറ്ററും വീതി 3.21 മീറ്ററും. അത് സ്വന്തമായി ലാമിനേഷനും ചെയ്തു അഭിനന്ദ്. ഒരുമാസം കൊണ്ടാണ് അഭിനന്ദ് കൃഷ്ണ ഈ ഇന്ത്യയുടെ ഭൂപടം തയാറാക്കിയത്. ഇതില്‍ ഓരോ സ്ഥലവും വളരെ കൃത്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേകതകളും അവിടെ സംസാരിക്കുന്ന ഭാഷയും സംസ്കാരവും തുടങ്ങിയവയെല്ലാം അഭിനന്ദ് കൃഷ്ണയ്ക്ക് അറിയാം. തന്റെ കാഴ്ചപരിമിതിയെ തരണം ചെയ്തുകൊണ്ട് സ്കൂള്‍ കലോത്സവവേദികളില്‍ ചിത്രരചന, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന, തുടങ്ങിയ വിഭാഗങ്ങളില്‍ ജില്ലയില്‍ എ ഗ്രേഡും സംസ്ഥാനതലത്തില്‍ പോസ്റ്റര്‍ രചനയില്‍ എ ഗ്രഡും അടക്കമുള്ള സമ്മാനങ്ങള്‍ ഈ കൊച്ചു മിടുക്കന് കരസ്ഥമാക്കിയിട്ടുണ്ട്.
ചിത്രരചനയോടൊപ്പം നിരവധി കരകൗശല വസ്തുക്കളും അഭിനന്ദ് കൃഷ്ണ നിര്‍മിച്ചിട്ടുണ്ട്. മാതാപിതാക്കളുടേയും സ്കൂളിലെ അധ്യാപകരായ സുനില്‍, ദീപ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും പിന്തുണയും സഹകരണവും അഭിനന്ദ് കൃഷ്ണയ്ക്കുണ്ട്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കണിയാമ്പറ്റ കൊച്ചിപാറ ബാബുരാജിന്റെയും ജ്യോതിയുടെയും മകനാണ് അഭിനന്ദ് കൃഷ്ണ.