ബർലിൻ: യൂറോപ്പിലെ ഉഷ്ണതരംഗവും വരൾച്ചയും കാരണം വൻ പ്രതിസന്ധിയിലേക്ക് നീങ്ങി മധ്യകിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിലെ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബിലെ (Danube River) ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലേക്ക് താഴ്ന്നതോടെ ഹംഗറി, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലെ ആണവനിലയങ്ങളുടെ പ്രവർത്തനം താളംതെറ്റി.
ആണവനിലയങ്ങളിലെ റിയാക്ടറുകൾ തണുപ്പിക്കാൻ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. റുമാനിയയിൽ രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെർനാവോഡ’(Cernavoda) ആണവനിലയത്തിലേക്ക് ആണവനിലയത്തിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കൂട്ടാൻ റുമാനിയൻ നാവികസേന ഡാന്യൂബ് നദിക്കടിയിലെ വലിയ പാറക്കെട്ടുകൾ ബോംബുവച്ച് തകർത്തു.
വ്യാഴാഴ്ചയ്ക്കകം വെള്ളത്തിന്റെ ഒഴുക്ക് ശരിയായില്ലെങ്കിൽ നിലയം പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.നിലവിലെ ഊർജ ക്ഷാമത്തെ തുടർന്ന് റുമാനിയയിലെ പ്രമുഖ കാർ നിർമാണ കമ്പനികളായ ഡാസിയ, ഫോർഡ് എന്നിവ ഓഗസ്റ്റ് 19 വരെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.അതേസമയം, ഹംഗറിയുടെ പകുതിയോളം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പാക്സ്’ (ജമസെ)
ആണവനിലയം നിലവിൽ 10 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി വൈദ്യുത ഫ്രെയിറ്റ് ട്രെയിൻ സർവീസുകൾ പോലും ഹംഗറി നിർത്തിവച്ചിരിക്കുകയാണ്. ഉപഭോക്താക്കളോട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
സെർബിയയിലെ ന്ധഅയൺ ഗേറ്റ്’ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞു. ജർമനിയിലെ ബവേറിയൻ മേഖലയിലും ഡാന്യൂബ് വറ്റിവരണ്ടത് ചരക്ക് ഗതാഗതത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിനെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.