കരുവാരകുണ്ട് (മലപ്പുറം): ജലസമൃദ്ധിക്കു പേരുകേട്ട മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പ്രദേശം വരൾച്ചയുടെ പിടിയിൽ. വിഷുവും മറ്റ് ആഘോഷങ്ങളും മുന്നിൽ കണ്ട് കൃഷിയിറക്കിയ കർഷകർ വരൾച്ചയുടെ ആഘാതത്തിൽ വിളകൾ നശിച്ചതിൽ കണ്ണീർ വാർക്കുന്നു.
വരൾച്ചയെ തുടർന്ന് നാണ്യവിളകളും ഹ്രസ്വകാല വിളകളും പൂർണമായും നശിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളർത്തിയെടുത്ത ആയിരക്കണക്കിനു നേന്ത്രവാഴകളും പച്ചക്കറി കൃഷിയുമാണ് പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മാസത്തിലധികമായി പകൽ സമയത്ത് അനുഭവപ്പെടുന്ന വെയിലിന് ഇതുവരെ അനുഭവപ്പെടാത്ത അതിശക്തമായ ചൂടാണെന്നും കർഷകർ പറയുന്നു. ജലസേചനം നടത്തുന്ന പച്ചക്കറികളുടെ ഇലകളും കായ്കളും വേനൽചൂടിൽ കരിഞ്ഞുണങ്ങുന്നത് ഈ വർഷത്തെ പ്രത്യേകതകളാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
മലയോര മേഖലയിൽ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് നേന്ത്രവാഴകളാണ് മൂപ്പെത്തും മുന്പേ ശക്തമായ ചൂടിൽ ഒടിഞ്ഞ് വീണത്. മേഖലയിൽ മറ്റു കാർഷിക വിളകളെയും ചൂട് സാരമായി ബാധിച്ചിരിക്കുകയാണ്. ജലസേചനമില്ലാത്ത കൃഷിയിടങ്ങളിൽ ജാതി, ഗ്രാന്പൂ, കൊക്കോ, കമുക് തുടങ്ങിയ നാണ്യവിളകൾ ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്.
ചേന, വാഴ, കപ്പ, ചേന്പ്, ചെറുകിഴങ്ങ് എന്നിവ കുംഭമാസത്തിൽ ലഭിക്കുന്ന വേനൽമഴയുടെ ഈർപ്പത്തിലാണ് നടുന്നത്. എന്നാൽ മലയോരത്ത് ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചപ്പോൾ തന്നെ വിളയിറക്കിയ നടീൽ വസ്തുക്കൾ തുടർന്നുണ്ടായ അതികഠിന വരൾച്ചയിൽ വിത്തടക്കം നശിച്ചുപോയതായും കർഷകർ പറയുന്നു.
കമുകിൻ പൂക്കുലകൾ ഉണങ്ങി നശിക്കുന്നത് കമുക് കർഷകർക്കും വൻ തിരിച്ചടിയായിരിക്കുകയാണ്. അടയ്ക്കയ്ക്ക് ഈ വർഷം മാന്യമായ വില ലഭിക്കുന്ന സാഹചര്യത്തിലാണ് വേനലിൽ അടയ്ക്കക്കുലകൾ ഉണങ്ങി നശിക്കുന്നത്.
കൊക്കോ, ജാതി തുടങ്ങിയവയ്ക്കും വരൾച്ച കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ജലസേചനം നടത്തിവന്നിരുന്ന കുളങ്ങളും വറ്റിപ്പോയി.
മലയോരത്ത് ലഭിച്ച നേരിയ തോതിലുള്ള വേനൽ മഴയിൽ കാപ്പിച്ചെടികളിൽ പൂവിട്ടെങ്കിലും തുടർ മഴ ലഭിക്കാത്തതിനെ തുടർന്ന് അവ നാശത്തിന്റെ വക്കിലാണ്. വരൾച്ച തുടരുന്നത് അടുത്ത സീസണിലെ വിളവെടുപ്പിനെയും സാരമായി ബാധിക്കും.
വേനലിൽ ജലസേചനം നടത്തിവന്നിരുന്ന കൃഷിയിടങ്ങളെയാണ് വരൾച്ച സാരമായി ബാധിച്ചത്. പുഴകളും കിണറുകളും കുളങ്ങളും ഉൾപ്പെടെ ജലസ്രോതസുകളെല്ലാം തന്നെ വറ്റിവരണ്ടു തുടങ്ങിയതോടെ മേഖലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. വരാനിരിക്കുന്ന കടുത്ത വരൾച്ചയെ പ്രതിരോധിക്കാനുള്ള തീവ്രശ്രമമാണ് കർഷകർ നടത്തിവരുന്നത്.
ഇത്തവണ അനുഭവപ്പെടുന്ന വരൾച്ചയും വേനൽചൂടും ശരീര അസ്വസ്ഥതകളും ഓർമയിലുണ്ടായിട്ടില്ലെന്ന് മുതിർന്ന ആളുകൾ പറയുന്നു. ആഗോളതലത്തിൽ താപനില ഉയരുകയും ഇതിന്റെ ഫലമായി മഴ കുറയുകയും വരൾച്ച ഉണ്ടാകുകയും ചെയ്യുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പും കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.