കൊച്ചി: 2013 ലെ നിയമം നിലവില്‍ വരുംമുമ്പ് തുടങ്ങിവച്ച ഭൂമി ഏറ്റെടുക്കല്‍ നടപടിയിലെ അന്തിമ നഷ്ടപരിഹാരത്തുക 2014 ജനുവരി ഒന്നിനുശേഷമാണ് അനുവദിക്കുന്നതെങ്കില്‍ 2013 ലെ നിയമം ബാധകമാകുമെന്ന് ഹൈക്കോടതി.
2013 ലെ ഭൂമി ഏറ്റെടുക്കല്‍നിയമം നിലവില്‍ വന്നത് 2014 ജനുവരി ഒന്നിനാണ്. അതിനു ശേഷവും പഴയ നിയമ പ്രകാരം നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ജസ്റ്റീസ് പി.എം. മനോജ് വ്യക്തമാക്കി.
പുതിയ നിയമം വന്നശേഷവും പഴയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്കിയതു റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. എറണാകുളം എംജി റോഡിനു സമീപമുള്ള ഭൂമിക്ക് 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കുറഞ്ഞ നഷ്ടപരിഹാരം നല്‍കിയതിനെതിരേ ചെന്നൈ രവികുമാര്‍ പ്രോപ്പര്‍ട്ടീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
തേവരയിലെ അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലത്തിനായി 161.568 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള 2013 ജൂലൈയിലെ കരാറിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്കു ലഭിക്കേണ്ട 39.17 കോടിയില്‍ പകുതി തുക നല്‍കിയെങ്കിലും ബാക്കി തുക 2015 ലും 2016 ലുമാണ് അനുവദിച്ചത്.
ഇതിനിടെ 2013 ലെ പുതിയ നിയമം വന്ന സാഹചര്യത്തില്‍ ഇതുപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മാത്രമല്ല, തങ്ങളെ നിര്‍ബന്ധിച്ചാണു കരാറില്‍ ഒപ്പുവയ്പിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇരുകക്ഷികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തതെന്നായിരുന്നു എതിര്‍കക്ഷികളുടെ വാദം. എന്നാല്‍, ഈ വാദം തള്ളിയ കോടതി 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നല്‍കേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് മൂന്നു മാസത്തിനകം തീരുമാനിച്ച് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.