ട്രംപിനു നേരേ ഒരുവർഷത്തിനിടയിലെ മൂന്നാമത്തെ വധശ്രമംകൂടി നടന്നുകഴിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ ഇത്രയൊക്കെയേയുള്ളോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
അമേരിക്കൻ സീക്രട്ട് സർവീസ് അല്ലെങ്കിൽ തത്തുല്യമായ മറ്റ് ഏജൻസികൾ ലോകനേതാക്കൾക്ക് ഒരുക്കുന്ന സുരക്ഷയൊരുക്കുന്നത് പ്രധാനമായും പ്രതിരോധം, ഒഴിപ്പിക്കൽ, നിർവീര്യമാക്കൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ്.
ട്രംപിനു നേരേയുണ്ടായ ആക്രമണം പരിശോധിക്കുമ്പോൾ ഒഴിപ്പിക്കൽ, നിർവീര്യമാക്കൽ എന്നിവ ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെട്ടിരുന്നുവെന്നു കാണാം. അതുകൊണ്ടാണ് അക്രമം നടക്കുമ്പോൾത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ വലയം ചെയ്യുന്നതും അവിടെനിന്ന് ഉടനടി മാറ്റുന്നതും അതിനുശേഷം അക്രമിയെ നേരിടുന്നതുമെല്ലാം.
കഴിഞ്ഞദിവസം നടന്ന വധശ്രമവുമായി ബന്ധപ്പെടുത്തി പ്രതിരോധ സംവിധാനങ്ങളെ വിലയിരുത്തുകയാണെങ്കിൽ വലിയ പാളിച്ചയാണ് ഉണ്ടായതെന്നു കാണാനാകും. അക്രമി നേരത്തേ ഒരു കേസിലും പ്രതിയായിരുന്നില്ലായിരിക്കാം. അയാൾ പ്രോഗ്രാം നടക്കുന്ന ഹോട്ടലിൽ മുറിയെടുത്തു താമസിക്കുന്നതിൽ ആരും അപാകതയും കണ്ടില്ലെന്നുംവരാം. എങ്കിലും അക്രമിയുടെ പക്കൽനിന്ന് ഒരു വലിയ തോക്ക്, ഒരു ചെറിയ തോക്ക്, പിന്നെ കുറച്ചു കത്തികൾ എന്നിവ പിടിച്ചെടുത്തെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അമേരിക്കൻ പ്രസിഡന്റിനെപ്പോലെയൊരു വിവിഐപി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനു സമീപത്തുള്ള ഹോട്ടലിൽ മെറ്റൽ ഡിറ്റക്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താതിരുന്നത് പ്രതിരോധത്തിൽ സംഭവിച്ച വലിയ പിഴവുതന്നെയാണ്.
ഇത്തരം പ്രോഗ്രാം നടക്കുന്ന സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ജനങ്ങളും സാധാരണഗതിയിൽ കർശനമായ പരിശോധനയ്ക്കു വിധേയമാക്കും. ഇന്ത്യയിലാണെങ്കിൽ അഞ്ചു കിലോമീറ്റർ ചുറ്റളവുവരെ അതുണ്ടാവും. കാരണം, അക്രമി തോക്കുതന്നെ ഉപയോഗിക്കണമെന്നില്ലല്ലോ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി വന്ന് വിസ്ഫോടനം നടത്തുന്ന ചാവേറുമാകാം.
സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അക്രമി പ്രസിഡന്റിന് ഏകദേശം അടുത്തെത്തിയിട്ടുണ്ടെങ്കിൽ വാഹനപരിശോധന കൃത്യമായി നടന്നിട്ടില്ല എന്ന് അനുമാനിക്കാവുന്നതാണ്. ഇവിടെയാകട്ടെ പ്രോഗ്രാം സ്ഥലത്തുനിന്ന് 45 മീറ്റർ അകലെ മാത്രമാണ് പാറ്റ് ഡൗൺ സെർച്ച് (ശാരീരിക പരിശോധന), ഡിഎഫ്എംഡി (മെറ്റൽ ഡിറ്റക്ടർ പരിശോധന) എന്നിവ നടക്കുന്നത് എന്നുകൂടി കാണുക.പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ നടക്കുന്ന ദേഹപരിശോധന എടുത്തുപറയേണ്ട ഒന്നാണ്. അതിവിടെ നല്ല രീതിയിൽ നടന്നുവെന്നുതന്നെ കരുതുക.
അതുകൊണ്ടാവാം, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഹാളിനടുത്തേക്ക് ഓടിവരുന്ന അയാളെ തടയുന്നതായി നമ്മൾ കാണുന്നത്.
പക്ഷേസുരക്ഷാ അപാകതയെന്നു പറയുന്നത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും മറ്റും നടക്കുന്ന, പ്രസിഡന്റ് ഇരിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്തുവരെ അയാൾ ആയുധങ്ങളുമായി എത്തിച്ചേർന്നു എന്നതാണ്. മാത്രമല്ല, അകത്തു കടന്ന അയാൾ പ്രസിഡന്റിനു നേരേ നിറയൊഴിക്കുകയും ചെയ്യുന്നു. തോക്കിനു പകരം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അയാൾ സ്വയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഇന്ന് അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിൽ തറഞ്ഞ വെടിയുണ്ട നീക്കംചെയ്ത വിവരം നമ്മൾ അറിഞ്ഞതുമാണ്. ഒന്നിൽ കൂടുതൽ അക്രമികൾ ഉണ്ടോ എന്ന ഭയവും ആശയക്കുഴപ്പവുമൊക്കെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നുവെന്ന വിവരവും നമ്മൾ മനസിലാക്കുന്നു.
ഇതൊക്കെ കാണുമ്പോൾ അമേരിക്കൻ സെക്യൂരിറ്റി ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ ഭാവി ഇനി എന്താവും എന്നു ചിന്തിച്ചുപോകുന്നു. മൂന്നു തവണയും വധശ്രമത്തിൽനിന്ന് പ്രസിഡന്റിനെ രക്ഷപ്പെടുത്തി എന്നത് ശരിതന്നെ. പക്ഷേ, അടിക്കടി ഉണ്ടാകുന്ന സുരക്ഷാവീഴ്ചയിൽനിന്ന് അദ്ദേഹത്തിന് എങ്ങനെ ഒഴിഞ്ഞുമാറാനാവും?
ഏകദേശം 50 മീറ്റർ ചുറ്റളവിൽ മാത്രമാണ് സീക്രട്ട് സർവീസ് പ്രസിഡന്റിനു പ്രോക്സിമേറ്റ് സുരക്ഷയൊരുക്കുന്നത്. 50 മീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വ്യാപ്തി വരെയുള്ള (ഏകദേശം) സുരക്ഷയൊരുക്കേണ്ടത് എഫ്ബിഐ, ഡിസ്ട്രിക്ട് പോലീസ്, മറ്റ് പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലയാണ്. വധശ്രമം മുൻകൂട്ടി മനസിലാക്കുന്നതിലും ശത്രു അടുത്തുവരെ എത്തുന്നത് തടയുന്നതിലും എഫ്ബിഐ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും പരാജയപ്പെടുന്നുവെന്നത് യാഥാർഥ്യമായതിനാൽ പട്ടേലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
എല്ലാറ്റിനും ഉപരിയായി നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ടാണ് മൂന്നാംതവണവയും അമേരിക്കക്കാർ തങ്ങളുടെ സ്വന്തം പ്രസിഡന്റിനെ കൊല്ലാൻ ശ്രമിക്കുന്നത് എന്നാണ്. അക്കാര്യം ഒരു അന്വേഷണപരിധിയിലും വരുന്നില്ല എന്നു തോന്നുന്നു.
നികുതിയും തൊഴിലില്ലായ്മയും പലിശനിരക്കും ഇന്ധനവിലയുമെല്ലാം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ജനതയുടെ ജീവിത സാഹചര്യം മുൻകാലങ്ങളെ അപേക്ഷിച്ച് ദുഃസഹമായിരിക്കുന്നു എന്നുവേണം കരുതാൻ. അതാണോ ഇത്തരം ആക്രമണത്തിനു പിന്നിലെന്ന് നമുക്കറിയില്ലെങ്കിലും ഒരു വെറുപ്പ് സ്വന്തം ജനതയ്ക്ക് ട്രംപിനോടുണ്ടെന്നും അത് ആഴത്തിൽ വേരുറപ്പിക്കപ്പെട്ടു പോയെന്നും വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.