നമ്മുടെ രാഷ്ട്രത്തിന്റെ ദീർഘവും പ്രചോദനാത്മകവുമായ യാത്രയിൽ ഗാനങ്ങളും കലയും പ്രസ്ഥാനങ്ങളുടെ ആത്മാവായി മാറുകയും കൂട്ടായ വികാരത്തെ പ്രവർത്തനത്തിലേക്ക് രൂപപ്പെടുത്തുകയും ചെയ്ത നിരവധി നിർണായക നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഛത്രപതി ശിവാജിയുടെ സൈന്യത്തിന്റെ യുദ്ധഗീതങ്ങളായാലും സ്വാതന്ത്ര്യസമരകാലത്ത് ആലപിച്ച ദേശഭക്തിഗാനങ്ങളായാലും അടിയന്തരാവസ്ഥക്കാലത്തെ യുവാക്കളുടെ ധീരമായ ഈണങ്ങളായാലും ഇന്ത്യൻ സമൂഹത്തിൽ ഗാനങ്ങൾ എപ്പോഴും കൂട്ടായ ബോധത്തെയും ഐക്യത്തെയും ഉണർത്തിയിട്ടുണ്ട്.
അക്കൂട്ടത്തിൽ ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’വും ഉൾപ്പെടുന്നു. അതിന്റെ കഥ ആരംഭിച്ചത് യുദ്ധക്കളത്തിലല്ല; മറിച്ച്, പണ്ഡിതനായ ബങ്കിംചന്ദ്ര ചാറ്റർജിയുടെ ശാന്തവും എന്നാൽ ദൃഢനിശ്ചയമുള്ളതുമായ മനസിലാണ്. 1875ൽ, ജഗദ്ധാത്രി പൂജയുടെ (കാർത്തിക് ശുക്ലനവമി അഥവാ അക്ഷയനവമി) ശുഭവേളയിൽ, അദ്ദേഹം രാജ്യസ്വാതന്ത്ര്യത്തിന്റെ നിത്യഗാനമായി മാറുന്ന ഒരു ഗീതം രചിച്ചു. പവിത്രമായ ആ വരികളിൽ, രാജ്യത്തിന്റെ ഏറ്റവും ആഴമേറിയ നാഗരിക വേരുകളിൽനിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. അഥർവ വേദത്തിന്റെ “മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാ” (ഭൂമി എന്റെ അമ്മയാണ്, ഞാൻ അവളുടെ മകനാണ്) എന്ന പ്രഖ്യാപനം മുതൽ ദേവീമാഹാത്മ്യത്തിലെ ദിവ്യമാതാവിനെക്കുറിച്ചുള്ള പ്രാർഥനവരെ ഇതിന് ആധാരമായി.
ബങ്കിം ബാബുവിന്റെ വാക്കുകൾ ഒരേ സമയം പ്രാർഥനയും പ്രവചനവുമായിരുന്നു. ‘വന്ദേമാതരം’ വെറും ദേശീയഗീതമോ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജീവരക്തമോ ആയിരുന്നില്ല. ബങ്കിംചന്ദ്രയുടെ സാംസ്കാരിക ദേശീയതയുടെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യ വെറും ഭൂമിശാസ്ത്രപരമായ പ്രദേശമല്ല; മറിച്ച് ഭൂപടത്തിലെ വരകളിൽ ഒതുങ്ങാതെ, പൊതുവായ സംസ്കാരം, സ്മരണ, ത്യാഗം, വീര്യം, മാതൃത്വം എന്നിവയാൽ ഐക്യപ്പെട്ട ഭൂ-സാംസ്കാരിക നാഗരികതയാണ് എന്ന് അത് നമ്മെ ഓർമിപ്പിച്ചു. ഇത് വെറും ഭൂമിയല്ല; ഭക്തിയും കർത്തവ്യബോധവുംകൊണ്ട് പുണ്യമായ തീർഥമാണ്; ഒരു പുണ്യഭൂമിയാണ്.
മഹർഷി അരബിന്ദോ വിവരിച്ചതുപോലെ, ബങ്കിം ആധുനിക ഇന്ത്യയുടെ ഋഷിവര്യനായിരുന്നു. അദ്ദേഹം തന്റെ വാക്കുകളിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനെ വീണ്ടും ഉണർത്തി. അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ വെറുമൊരു നോവൽ ആയിരുന്നില്ല; സുഷുപ്തിയിലായിരുന്ന ജനതയെ അതിന്റെ ദിവ്യശക്തി വീണ്ടും കണ്ടെത്താൻ പ്രേരിപ്പിച്ച ഗദ്യമന്ത്രമായിരുന്നു അത്. ബങ്കിം ബാബു തന്റെ ഒരു കത്തിൽ എഴുതിയതിങ്ങനെ: “എന്റെ എല്ലാ കൃതികളും ഗംഗയിൽ നഷ്ടപ്പെട്ടാലും എനിക്ക് എതിർപ്പില്ല; ഈ ഒരു ഗീതം മാത്രം അനശ്വരമായി നിലനിൽക്കും. അതൊരു മഹത്തായ ഗാനമായിരിക്കും, ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കും.’’ ഈ വാക്കുകൾ പ്രവചനാത്മകമായിരുന്നു. കോളനിവാഴ്ചയുടെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിൽ എഴുതിയ ‘വന്ദേമാതരം’ ഉണർവിന്റെ പ്രഭാതഗാനമായി മാറി. സാംസ്കാരിക അഭിമാനവും നാഗരിക ദേശീയതയും സംയോജിപ്പിച്ച ഗാനമായി അതു മുഴങ്ങി. മാതൃഭൂമിയോടുള്ള ഭക്തിയാൽ തന്റെ ഓരോ അണുവിലും അനുരണനം ചെയ്ത ഒരു മനുഷ്യനു മാത്രമേ അത്തരം വരികൾ എഴുതാൻ കഴിയുമായിരുന്നുള്ളൂ.
1896ൽ, രബീന്ദ്രനാഥ ടാഗോർ ‘വന്ദേമാതരം’ എന്ന ഗാനം കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ചു. അത് ആ ഗീതത്തിന് അതിന്റെ ശബ്ദവും അനശ്വരതയും നൽകി. ഭാഷയുടെയും പ്രദേശത്തിന്റെയും അതിർവരമ്പുകൾ മറികടന്ന് രാജ്യത്തുടനീളം പ്രതിധ്വനിച്ചു. തമിഴ്നാട്ടിൽ, സുബ്രഹ്മണ്യ ഭാരതി ഇത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു, പഞ്ചാബിൽ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ ധിക്കരിച്ച് അത് ആലപിച്ചു.
1905ൽ ബംഗാൾ വിഭജനസമയത്ത്, പ്രവിശ്യയിലുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബ്രിട്ടീഷുകാർ ‘വന്ദേമാതരം’ പരസ്യമായി ചൊല്ലുന്നത് നിരോധിച്ചു. എന്നിരുന്നാലും, 1906 ഏപ്രിൽ 14ന് ബരിസാലിൽ ആയിരക്കണക്കിന് ആളുകൾ ഉത്തരവ് ലംഘിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തെരുവിൽ ചോരയൊലിപ്പിച്ചു നിന്നു; ഒരേ സ്വരത്തിൽ ‘വന്ദേ മാതരം’ എന്ന് ആർത്തുവിളിച്ചു.
അവിടെനിന്ന്, ഈ വിശുദ്ധഗാനം ഗദ്ദർ പാർട്ടിയുടെ വിപ്ലവകാരികളോടൊപ്പം കലിഫോർണിയയിലേക്ക് സഞ്ചരിച്ചു. നേതാജിയുടെ സൈനികർ സിംഗപ്പൂരിൽനിന്ന് മാർച്ച് ചെയ്യുമ്പോൾ ആസാദ് ഹിന്ദ് ഫൗജിന്റെ നിരകളിൽ അത് പ്രതിധ്വനിച്ചു. 1946ലെ റോയൽ ഇന്ത്യൻ നേവി കലാപത്തിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ ഇന്ത്യൻ നാവികർ ത്രിവർണ പതാക ഉയർത്തിയപ്പോഴും അത് മുഴങ്ങി. ഖുദിറാം ബോസ് മുതൽ അഷ്ഫാഖുള്ള ഖാൻ വരെയും, ചന്ദ്രശേഖർ ആസാദ് മുതൽ തിരുപ്പൂർ കുമരൻ വരെയും ആ മുദ്രാവാക്യം ഒന്നായി പ്രതിധ്വനിപ്പിച്ചു. അത് വെറുമൊരു ഗാനമായിരുന്നില്ല; അത് രാജ്യത്തിന്റെ ആത്മാവിന്റെ കൂട്ടായ ശബ്ദമായി മാറിയിരുന്നു. ‘വന്ദേമാതര’ത്തിന് “ഏറ്റവും മന്ദീഭവിച്ച രക്തത്തെ പോലും ഇളക്കിവിടാനുള്ള മാന്ത്രികശക്തി” ഉണ്ടെന്ന് മഹാത്മാഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. അത് ലിബറലുകളെയും വിപ്ലവകാരികളെയും പണ്ഡിതരെയും സൈനികരെയും ഒരുപോലെ ഒന്നിപ്പിച്ചു. മഹർഷി അരബിന്ദോ പ്രഖ്യാപിച്ചതുപോലെ, അത് “ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രം’’ ആയിരുന്നു.